ന്യൂഡൽഹി
ഗോരക്ഷകര് ചമഞ്ഞ് നടക്കുന്നവരുടെ ആൾക്കൂട്ട കൊലപാതകങ്ങൾ പെരുകുന്നത് ചൂണ്ടിക്കാട്ടിയും ഇരകളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടും സമർപ്പിച്ച ഹർജിയിൽ കേന്ദ്ര സർക്കാരിനും ആറ് സംസ്ഥാനത്തിനും സുപ്രീംകോടതി നോട്ടീസ്.
കേന്ദ്രത്തിനു പുറമെ മഹാരാഷ്ട്ര, ഒഡിഷ, രാജസ്ഥാൻ, ബിഹാർ, മധ്യപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളുടെ ഡിജിപിമാർക്കാണ് ജസ്റ്റിസുമാരായ ബി ആർ ഗവായ്, ജെ ബി പർദിവാല എന്നിവർ നോട്ടീസയച്ചത്. മുസ്ലിംവിഭാഗക്കാരാണ് കൂടുതലായും ആക്രമിക്കപ്പെടുന്നതെന്ന് നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാണിച്ചു.
2018ലെ തെഹ്സീൻ പൂനാവാല കേസിലെ വിധിയിൽ ആൾക്കൂട്ട ആക്രമണങ്ങൾ തടയുന്നത് സംബന്ധിച്ച് വ്യക്തമായ മാർഗനിർദേശം നൽകിയിട്ടും അക്രമങ്ങൾ തുടരുകയാണെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു.