ന്യൂഡൽഹി
ഭീമ കൊറേഗാവ് കേസിൽ യുഎപിഎ വിചാരണത്തടവുകാരായ സാമൂഹ്യപ്രവർത്തകർ വെർണൻ ഗൊൺസാൽവസിനും അരുൺ ഫെരേരയ്ക്കും സുപ്രീംകോടതി ജാമ്യം അനുവദിച്ചു. അഞ്ചു വർഷമായി ഇവർ ജയിലിലാണെന്നത് പരിഗണിച്ചാണ് തീരുമാനമെന്ന് ജസ്റ്റിസുമാരായ അനിരുദ്ധ ബോസും സുധാംശു ധുലിയയും ഉള്പ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
എൻഐഎയുടെ ശക്തമായ എതിര്പ്പ് അവഗണിച്ചാണ് തീരുമാനം. വിചാരണ കോടതി അനുമതിയില്ലാതെ മഹാരാഷ്ട്ര വിട്ടുപോകാന് പാടില്ലെന്ന വ്യവസ്ഥയിലാണ് ജാമ്യം. തെളിവില്ലാതെയാണ് എൻഐഎ ഇവരെ ജയിലില് അടച്ചിരിക്കുന്നതെന്ന് അഭിഭാഷകരായ റെബേക്ക ജോൺ, ആർ ബസന്ത് എന്നിവർ ചൂണ്ടിക്കാട്ടി.
പുണെയിലെ ഭീമ കൊറേഗാവിൽ 2018 ജനുവരി ഒന്നിനുണ്ടായ സംഘർഷത്തിന്റെ പേരിൽ മഹാരാഷ്ട്ര പൊലീസെടുത്ത കേസ് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി അറസ്റ്റ് ചെയ്യപ്പെട്ട 16 പേരിൽ ജസ്യൂട്ട് വൈദികൻ സ്റ്റാൻ സ്വാമി രണ്ടു വർഷംമുമ്പ് കസ്റ്റഡിയിൽ രോഗം മൂർച്ഛിച്ച് മരിച്ചു. തെലുഗു കവി വരവര റാവുവിന് ആരോഗ്യകാരണങ്ങളാൽ സുപ്രീംകോടതി ജാമ്യം നൽകി. ദളിത് ചിന്തകൻ ആനന്ദ് തെൽതുംഡെയ്ക്ക് മുംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചു.
സാമൂഹ്യ പ്രവർത്തകരും ധൈഷണികരുമായ സുധീർ ധാവ്ലെ, മഹേഷ് റാവത്ത്, ഗൗതം നവ്ലഖ, സുധ ഭരദ്വാജ്, പ്രൊഫ. ഹനി ബാബു, പ്രൊഫ. ഷോമ സെൻ, സുരേന്ദ്ര ഗാഡ്ലിങ്, മലയാളി റോണ വിൽസൺ, കലാകാരന്മാരായ സാഗർ ഗോർഖെ, ജ്യോതി ജഗ്തപ്, രമേശ് ഗെയ്ച്ചൂർ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.