മൂവാറ്റുപുഴ
വെള്ളിയാഴ്ചയായിരുന്നു നമിതയുടെ ഇരുപതാം ജന്മദിനം. ഇത്തവണ നമുക്ക് വീട്ടിൽ ചെറിയ ആഘോഷമൊക്കെ ഒരുക്കണമെന്ന് അമ്മയോടും അച്ഛനോടും പറഞ്ഞ് ഏറെ സന്തോഷത്തോടെയാണ് നമിത പരീക്ഷയ്ക്കായി ബുധനാഴ്ച കോളേജിലേക്ക് പോയത്. എന്നാൽ, അമിതവേഗത്തിൽ ബൈക്കോടിച്ചെത്തിയ ‘കൊലയാളി’ ആ കുടുംബത്തിന്റെ എല്ലാ സന്തോഷങ്ങളും തല്ലിക്കെടുത്തി. ജന്മദിനം ആഘോഷിക്കേണ്ട വാളകം കുന്നയ്ക്കാൽ വടക്കേപുഷ്പകം വീട്ടിലേക്ക് എത്തിയത് നമിതയുടെ ചേതനയറ്റ ശരീരം. പിറന്നാൾസന്തോഷം നിറയേണ്ട വീട്ടിൽ കണ്ണീരുണങ്ങുന്നില്ല. മകളുടെ വേർപാട് രഘുവിനും ഗിരിജയ്ക്കും ഇനിയും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല.
എന്നും കോളേജിൽനിന്ന് മടങ്ങുമ്പോൾ നമിത വീട്ടിലേക്ക് ഫോണിൽ വിളിക്കാറുണ്ട്. ബുധനാഴ്ച അവളുടെ വിളി വന്നില്ല. പകരം അപകടവിവരം അറിയിച്ച് പ്രിൻസിപ്പലിന്റെ ഫോൺവിളിയെത്തി. ‘‘പ്രതിക്ക് പരമാവധി ശിക്ഷ നൽകണം. ഞങ്ങൾക്ക് നഷ്ടമായത് മകളെയാണ്. ഏറെ പ്രതീക്ഷയോടെയാണ് അവളെ വളർത്തിയത്. മറ്റൊരു കുട്ടിക്കും ഇങ്ങനെയൊരനുഭവം ഉണ്ടാകരുത്’’–-കണ്ണീരോടെ അവർ പറഞ്ഞു.
പ്രതി ആൻസനെതിരെ
കാപ്പ ചുമത്തിയേക്കും
മൂവാറ്റുപുഴ നിർമല കോളേജ് വിദ്യാർഥിനി ആർ നമിതയെ ബൈക്കിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഏനാനെല്ലൂർ മുല്ലപ്പുഴച്ചാൽ കിഴക്കേമുറ്റത്ത് ആൻസൻ റോയി(21)ക്കെതിരെ കാപ്പ ചുമത്തിയേക്കും. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള ആൻസൻ ആശുപത്രി വിട്ടാലുടൻ അറസ്റ്റ് ചെയ്യുമെന്ന് മൂവാറ്റുപുഴ പൊലീസ് പറഞ്ഞു. വധശ്രമം, ഗുരുതര മുറിവേൽപ്പിക്കൽ, മയക്കുമരുന്ന് ഉപയോഗം, അടിപിടി തുടങ്ങിയവ ഉൾപ്പെടെ കല്ലൂർക്കാട്, വാഴക്കുളം, മൂവാറ്റുപുഴ സ്റ്റേഷനുകളിലായി ആൻസനെതിരെ 10 കേസുള്ളതായി മൂവാറ്റുപുഴ പൊലീസ് ഇൻസ്പെക്ടർ പി എം ബൈജു പറഞ്ഞു. കേസുകൾ പരിശോധിച്ചശേഷമാകും തുടർനടപടി.
കുറ്റകരമായ നരഹത്യക്കും മദ്യപിച്ച് വാഹനം ഓടിച്ചതിനുമാണ് ആൻസനെതിരെ കേസെടുത്തിരിക്കുന്നത്. അപകടസമയത്ത് ഇയാൾ ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. നമിതയോടൊപ്പം അപകടത്തിൽപ്പെട്ട വിദ്യാർഥിനി അനുശ്രീ രാജ് കോട്ടയം കാരിത്താസ് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. കൈകാലുകൾക്കും ഇടുപ്പിനും പരിക്കേറ്റ അനുശ്രീയുടെ നില മെച്ചപ്പെട്ടുവരുന്നതായി രക്ഷിതാക്കൾ പറഞ്ഞു.