തിരുവനന്തപുരം
കർഷകർക്ക് നെല്ലിന്റെ സംഭരണവില ഭാവിയിൽ കാലതാമസം കൂടാതെ ലഭ്യമാക്കാൻ സപ്ലൈകോയും കേരള ബാങ്കും സഹകരിച്ച് മുന്നോട്ട് പോകാൻ ധാരണയായി. ഭക്ഷ്യ മന്ത്രി ജി ആർ അനിലും കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. തുടർനടപടിക്കായി പൊതുവിതരണ ഉപഭോക്തൃ കമീഷണറും സപ്ലൈകോ സിഎംഡിയും കേരള ബാങ്ക് ഉന്നത അധികാരികളുമായി ആഗസ്ത് ഏഴിന് ചർച്ച നടത്തും. നിലവിൽ നെല്ല് സംഭരിച്ച വകയിൽ കർഷകർക്ക് നൽകാനുള്ള തുക ബാങ്ക് കൺസോർഷ്യത്തിൽനിന്ന് വായ്പയായി എടുക്കും. 400 കോടി രൂപയാണ് എടുക്കുക. ഇത് ലഭിക്കുന്ന മുറയ്ക്ക് വേഗത്തിൽ കർഷകർക്ക് നൽകാനുള്ള നടപടി സ്വീകരിക്കും. അടുത്തമാസം പകുതിയോടെ തുക വിതരണം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.