കൊച്ചി
പീഡനം നടന്ന് വർഷങ്ങൾക്കുശേഷം അതിജീവിത പരാതി നൽകുന്നതിനെ അവിശ്വസിക്കേണ്ടെന്ന് ഹൈക്കോടതി. പ്രായപൂർത്തിയാകാത്ത മകളെ തുടർച്ചയായി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ജീവിതാന്ത്യംവരെ കഠിനതടവിന് ശിക്ഷിക്കപ്പെട്ടയാൾ നൽകിയ അപ്പീൽ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് പി ബി സുരേഷ്കുമാർ, ജസ്റ്റിസ് സി എസ് സുധ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. കുട്ടിക്കാലംമുതൽ അച്ഛൻ ലൈംഗികമായി പീഡിപ്പിച്ചിരുന്ന കാര്യം വർഷങ്ങൾക്കുശേഷമാണ് മകൾ തുറന്നുപറഞ്ഞതെന്നതിനാൽ ആരോപണം അവിശ്വസിക്കേണ്ടതില്ല. കുട്ടിക്കാലംമുതൽ പീഡനം നേരിടേണ്ടിവന്നതിനാലാകാം പരാതി പറയാതിരുന്നത്. ഓരോ കേസിലും സാഹചര്യങ്ങൾ വ്യത്യസ്തമാണ്. തെളിവുകളുടെയും സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിലാണ് വിശ്വാസ്യത വിലയിരുത്തുന്നതെന്നും കോടതി വ്യക്തമാക്കി.
കുട്ടിക്കാലത്ത് ശകാരിച്ചതിന്റെ ദേഷ്യത്തിലാണ് മകൾ പീഡന ആരോപണം ഉന്നയിച്ചതെന്ന ഹർജിക്കാരന്റെ വാദം കോടതി തള്ളി. ചെറിയകാരണങ്ങളുടെ പേരിൽ ഒരു മകളും അച്ഛനെതിരെ ഇത്രയും ഗുരുതര ആരോപണം ഉന്നയിക്കില്ലെന്നും കോടതി വ്യക്തമാക്കി. ഇന്ത്യൻ ശിക്ഷാ നിയമം, ബാലനീതി നിയമം എന്നിവയുടെ അടിസ്ഥാനത്തിൽ അച്ഛനെതിരെ ചുമത്തിയ പീഡനക്കുറ്റമടക്കം ഡിവിഷൻ ബെഞ്ച് ശരിവച്ചു. എന്നാൽ, വിചാരണക്കോടതി വിധിച്ച ജീവിതാന്ത്യംവരെയുള്ള തടവുശിക്ഷ പ്രതിയുടെ സാമൂഹിക പശ്ചാത്തലം കണക്കിലെടുത്ത് 20 വർഷമാക്കി കുറച്ചു.
2013ൽ യുവതിക്ക് 19 വയസ്സാകുന്നതുവരെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചെന്ന അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതും ശിക്ഷിച്ചതും. എന്നാൽ, ചെറുപ്പംമുതലുള്ള പീഡനത്തെക്കുറിച്ച് പ്രായപൂർത്തിയായശേഷം പെൺകുട്ടി പരാതിയുമായെത്തിയത് അവിശ്വസനീയമാണെന്നും സാക്ഷിമൊഴിയിൽ അവ്യക്തതയുണ്ടെന്നുമായിരുന്നു പ്രതിയുടെ വാദം. കൊല്ലുമെന്ന ഭീഷണിമൂലമാണ് പെൺകുട്ടി അമ്മയോടുപോലും പരാതി പറയാതിരുന്നതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഇരയുടെയും സാക്ഷികളുടെയുമടക്കം മൊഴികളും തെളിവുകളും പരിശോധിച്ചാണ് വിചാരണക്കോടതിയുടെ ഉത്തരവ് ശരിവച്ചത്.