തിരുവനന്തപുരം
ഇന്ത്യയിൽ സ്ത്രീകളിലെ അർബുദ മരണനിരക്കിൽ കഴിഞ്ഞ 20 വർഷത്തിൽ 0.25 ശതമാനത്തിന്റെ വർധന ഉണ്ടായതായി പഠനം. പുരുഷന്മാരിൽ 0.19 ശതമാനത്തിന്റെ കുറവും രേഖപ്പെടുത്തി. കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഫ്രാൻസിലെ ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ ക്യാൻസറുമായി ചേർന്ന് നടത്തിയ പഠനത്തിലാണ് ഇക്കാര്യമുള്ളത്. ജെസിഒ ഗ്ലോബൽ ഓങ്കോളജി എന്ന അമേരിക്കൻ ശാസ്ത്ര ജേർണലിലാണ് പ്രസിദ്ധീകരിച്ചത്.
ഗ്ലോബൽ ഹെൽത്ത് ഒബ്സർവേറ്ററിയുടെ 2000–-2019 കാലയളവിലെ കണക്കാണ് പഠനത്തിന് ഉപയോഗിച്ചത്. ഇക്കാലയളവിൽ രാജ്യത്ത് 12.85 ലക്ഷം പേരാണ് അർബുദം ബാധിച്ച് മരിച്ചത്. തൊണ്ട, വയർ, ശ്വാസകോശം, സ്തന അർബുദബാധിതരിലാണ് മരണം കൂടുതൽ. ഇന്ത്യയിൽ വൻകുടൽ, പിത്താശയം, വൃക്ക, അണ്ഡാശയം തുടങ്ങിയവയിലെ അർബുദം കൂടുതൽ മരണനിരക്കുള്ളവയാണ്. ജീവിതശൈലിയും ഭക്ഷണരീതികളും ഉൾപ്പെടെയുള്ളവ ഇതിന് കാരണമാകുന്നു.
സ്തനം, തൈറോയ്ഡ്, പിത്താശയം എന്നിവയെ ബാധിക്കുന്ന അർബുദം പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളിൽ മരണത്തിനിടയാക്കും. രാജ്യത്ത് 70 ശതമാനം കേസുകളും ഗുരുതരമായശേഷമാണ് സ്ഥിരീകരിക്കുന്നത്. സ്ത്രീകൾക്കിടയിലെ സ്തനാർബുദ മരണനിരക്ക് രാജ്യത്ത് കൂടുതലാണ്. അമിതഭാരം, പൊണ്ണത്തടി, വൈകിയുള്ള ഗർഭധാരണം എന്നിവയൊക്കെ ഇതിന് കാരണമാണെന്നും പഠനത്തിലുണ്ട്. ഡോ. അജിൽ ഷാജി, ഡോ. പവിത്രൻ കീച്ചിലാട്ട്, ഡോ. ഡി കെ വിജയകുമാർ, ഡോ. കാതറിൽ സാവുഗെറ്റ് എന്നിവരാണ് പഠനത്തിന് നേതൃത്വം നൽകിയത്.