തിരുവനന്തപുരം
സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര നികുതിവിഹിത നിരക്ക് ഉയർത്തണമെന്ന് കേരളം. പതിനാറാം ധന കമീഷന്റെ പരിഗണനാ വിഷയങ്ങളിൽ അഭിപ്രായം ആരാഞ്ഞ കേന്ദ്രത്തിനുള്ള മറുപടിയിലാണ് കേരളം ആവശ്യമുന്നയിച്ചത്. പതിമൂന്നാം ധന കമീഷൻ ശുപാർശ ചെയ്ത 42 ശതമാനം വിഹിതം സംസ്ഥാനങ്ങൾക്ക് ഉറപ്പാക്കണം. ഇത് 41 ശതമാനമാക്കിയ പതിനഞ്ചാം കമീഷൻ തീരുമാനം തിരുത്തണം. കാലാവസ്ഥാവ്യതിയാന പ്രശ്നങ്ങൾ കൈകാര്യംചെയ്യുന്ന സംസ്ഥാനങ്ങളുടെ ദുരന്ത പ്രതികരണനിധി സഹായം ഉയർത്തണം. പരിസ്ഥിതി സൗഹൃദ നടപടിക്കായി സംസ്ഥാനങ്ങൾക്ക് അധിക കടമെടുപ്പ് അവകാശം നൽകണം. ഗ്രാന്റുകൾക്ക് നിബന്ധനകൾ അടിച്ചേൽപ്പിക്കുന്നത് ഒഴിവാക്കണം. പൊതുആവശ്യ ഗ്രാന്റുകൾ മുൻഗണനാപ്രകാരം വിനിയോഗിക്കാൻ പൂർണസ്വാതന്ത്ര്യമുണ്ടാകണം.
കേന്ദ്രത്തിന് ജിഡിപിയുടെയും സംസ്ഥാനങ്ങൾക്ക് ജിഎസ്ഡിപിയുടെയും മൂന്നുശതമാനം കടമെടുക്കാനാണ് ധന ഉത്തരവാദിത്വ നിയമത്തിലെ അനുവാദം. ജിഎസ്ഡിപി അടിസ്ഥാനമാക്കി സംസ്ഥാനങ്ങൾക്ക് അനുവദിച്ച മൂന്നുശതമാനം തുക ജിഡിപിയുമായി താരതമ്യം ചെയ്താൽ രണ്ടര ശതമാനമായി കുറയും. ഇതിന് പരിഹാരം വേണം. വികസന, മൂലധന ചെലവുകൾ വെട്ടിക്കുറയ്ക്കാനുള്ള നിർദേശങ്ങൾ പരിഗണനാ വിഷയങ്ങളിൽനിന്ന് ഒഴിവാക്കണം. സംസ്ഥാനത്തിന്റെ ആവശ്യങ്ങളും വരുമാനസാധ്യതകളും പരിഗണിച്ചായിരിക്കണം കടം, ധന കമ്മി ലക്ഷ്യങ്ങൾ നിശ്ചയിക്കേണ്ടത്. ബജറ്റിനു പുറത്തുള്ള കടങ്ങൾ വായ്പാവകാശവുമായി ബന്ധിപ്പിക്കരുത്.
നികുതിവിഹിത നിർണയത്തിന് ജനസംഖ്യ മാനദണ്ഡമാക്കുകയാണെങ്കിൽ 1971 അടിസ്ഥാന വർഷമായിരിക്കണം. ജനസംഖ്യാ നിയന്ത്രണത്തിൽ വിജയിച്ച സംസ്ഥാനങ്ങൾക്ക് പ്രത്യേക ഇന്റസെന്റീവ് ലഭ്യമാക്കണം. അടിസ്ഥാന ആവശ്യങ്ങൾ എല്ലാ പൗരന്മാർക്കും ഉറപ്പാക്കുന്നതിന് പ്രത്യേക പദ്ധതികൾ ഏറ്റെടുക്കുന്ന സംസ്ഥാനങ്ങൾക്ക് ‘സുസ്ഥിര ഗ്രാന്റുകൾ’ അനുവദിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശാക്തീകരണം, അധികാരവും ചുമതലയും ഉദ്യോഗസ്ഥ സംവിധാനവും വീകേന്ദ്രീകരിക്കൽ തുടങ്ങിയ കാര്യങ്ങളുടെ പുരോഗതി വിലയിരുത്തലും പരിഗണനാ വിഷയമാക്കണമെന്നും കേരളം ആവശ്യപ്പെട്ടു.
പുതിയ ധനകമീഷൻ
പതിനാറാം ധന കമീഷൻ നവംബറിൽ പ്രവർത്തനം ആരംഭിക്കത്തക്ക നിലയിൽ കേന്ദ്ര സർക്കാർ രൂപീകരിക്കും. 2026–-27 തുടങ്ങി അഞ്ചുവർഷത്തേക്കുള്ള കേന്ദ്ര–-സംസ്ഥാന വരുമാന വിഭജനത്തിനുള്ള സൂത്രവാക്യം നിർണയിക്കുക എന്നതായിരിക്കും കമീഷന്റെ പ്രധാന ചുമതല.