മലപ്പുറം
ചൈനയിലെ ചെങ്ഡുവിൽ നടക്കുന്ന ലോക സർവകലാശാലാ ഗെയിംസിനുള്ള ഇന്ത്യൻ വനിതാ വോളിബോൾ ടീമിൽ പരിശീലകനുൾപ്പെടെ അഞ്ച് മലയാളികൾ. കെ ആര്യ, കെ വീണ, ശ്രുതിലക്ഷ്മി, ആതിര റോയി എന്നിവരാണ് ടീമിലെ മലയാളികൾ. മുഖ്യപരിശീലകൻ വി അനിൽകുമാർ. കഴിഞ്ഞദിവസം ആരംഭിച്ച ചാമ്പ്യൻഷിപ് ആഗസ്ത് എട്ടിന് സമാപിക്കും.
പത്തനംതിട്ട പ്രമാടത്തെ ഖേലോ ഇന്ത്യ വോളിബോൾ അക്കാദമി പരിശീലകനാണ് വി അനിൽകുമാർ. ദീർഘകാലം സംസ്ഥാന സ്പോർട്സ് കൗൺസിൽ പരിശീലകനായിരുന്നു. ഏതാനും മാസംമുമ്പാണ് വിരമിച്ചത്. തുടർന്നാണ് ഖേലോ ഇന്ത്യ അക്കാദമിയിൽ എത്തിയത്. ചങ്ങനാശേരി അസംപ്ഷൻ കോളേജിന്റെ താരങ്ങളായ വീണ കോഴിക്കോട് വടകര ചെമ്മരത്തൂർ സ്വദേശിയും ആര്യ കോഴിക്കോട് മുക്കം ആനയാംകുന്ന് സ്വദേശിയുമാണ്. ചെന്നൈ എസ്ആർഎം സർവകലാശാലാ താരങ്ങളായ ശ്രുതിലക്ഷ്മി കോഴിക്കോട് കക്കോടി കൂടത്തുംപൊയിൽ സ്വദേശിയാണ്. ആതിര റോയി കണ്ണൂർ ചെമ്പേരിക്കാരിയാണ്.
ഇവർക്കുപുറമെ കേരള സർവകലാശാലാ താരങ്ങളായ റോളി പതക്, അനന്യശ്രീ (ഇരുവരും കതോലിക്കറ്റ് കോളേജ്, പത്തനംതിട്ട) എന്നിവരും ടീമിലുണ്ട്. മധ്യപ്രദേശ് സ്വദേശിയായ റോളിയും ഹൈദരാബാദ് സ്വദേശിയായ അനന്യശ്രീയും പത്തനംതിട്ട ഖേലോ ഇന്ത്യ വോളിബോൾ അക്കാദമിയിലാണ് പരിശീലനം.