തിരുവനന്തപുരം
രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന് കേരളം വീണ്ടും വേദിയാകുമ്പോൾ സ്വന്തമായൊരു സ്റ്റേഡിയമെന്ന സ്വപ്നം യാഥാർഥ്യമാക്കാനുള്ള പരിശ്രമത്തിലാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ). സ്റ്റേഡിയം വിഭാവനം ചെയ്യുന്നത് എറണാകുളത്താണ്. ഭൂമിക്കായുള്ള അന്വേഷണം തുടങ്ങിയിട്ട് നാളേറെയായി. ഒന്നും അവസാനതീർപ്പിലെത്തിയിട്ടില്ല. നെടുമ്പാശേരി വിമാനത്താവളത്തിനടുത്ത് സ്റ്റേഡിയം നിർമിക്കാനാണ് താൽപ്പര്യം. നവംബർ 26ന് ഓസ്ട്രേലിയക്കെതിരായ ട്വന്റി20 മത്സരം നടക്കുന്നത് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ്. ഇവിടെ ആറാമത്തെ രാജ്യാന്തര മത്സരമാണ്. ഈ സ്റ്റേഡിയം ക്രിക്കറ്റ് അസോസിയേഷന്റെ ഉടമസ്ഥതയിലല്ല. ട്വന്റി20 മത്സരത്തിനുമുമ്പ് ഏകദിന ലോകകപ്പിന്റെ പരിശീലന മത്സരങ്ങളും ഗ്രീൻഫീൽഡിലാണ്. 12 വർഷംമുമ്പ് എറണാകുളം ഇടക്കൊച്ചിയിൽ 25 ഏക്കറോളം ഭൂമി കണ്ടെത്തിയിരുന്നെങ്കിലും പലവിധതടസ്സങ്ങൾകാരണം നിർമാണം തുടങ്ങാനായില്ല. സ്റ്റേഡിയത്തിനായി അസോസിയേഷൻ പരിശ്രമം തുടങ്ങിയിട്ട് രണ്ടുപതിറ്റാണ്ടായി.
ഡിബിഒടി (ഡിസൈൻ ബിൽഡ് ഓപ്പറേറ്റ് ട്രാൻസ്ഫർ) അടിസ്ഥാനത്തിൽ നിർമിച്ച ഗ്രീൻഫീൽഡ് സ്റ്റേഡിയം ഐഎൽ ആൻഡ് എഫ്എസ് കമ്പനിയുടെ ഉടമസ്ഥതയിലാണുള്ളത്. 2027ൽ കമ്പനിയുമായുള്ള കരാർ അവസാനിക്കും. കെസിഎയ്ക്ക് ലീസിന് നൽകിയാൽ സ്റ്റേഡിയം നിർമിക്കാതെതന്നെ അന്താരാഷ്ട്രമത്സരങ്ങളുടെ സ്ഥിരംവേദിയാകാൻ കേരളത്തിന് കഴിയുമെന്ന് സെക്രട്ടറി വിനോദ് എസ് കുമാർ പറഞ്ഞു. നിലവിൽ 180 ദിവസമാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയം ക്രിക്കറ്റിനുവേണ്ടി വിട്ടുനൽകുന്നത്. 350 ദിവസം ഫീൽഡ് അറ്റകുറ്റപ്പണിയും കെസിഎ നടത്തണം. ഇതിന് 80 ലക്ഷം രൂപവരെയാണ് ഒരുവർഷം ചെലവ് വരുന്നത്. ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ നടത്താൻ കെസിഎയ്ക്ക് 12 സ്റ്റേഡിയങ്ങളുണ്ട്. മംഗലാപുരം, കൃഷ്ണഗിരി, തൊടുപുഴ ഇരട്ട സ്റ്റേഡിയം, കാസർകോട് ബേള എന്നിവിടങ്ങളിലുള്ളത് സ്വന്തം സ്റ്റേഡിയങ്ങളാണ്.
പന്ത്രണ്ട് വേദികളിലായാണ് ലോകകപ്പ് സന്നാഹമത്സരം ഉൾപ്പെടെ നടക്കുന്നത്. ഇതിൽ സ്വന്തം സ്റ്റേഡിയം അല്ലാത്തത് തിരുവനന്തപുരം ഗ്രീൻഫീൽഡ് മാത്രമാണ്. മറ്റ് 11 വേദികളും അതത് ക്രിക്കറ്റ് അസോസിയേഷനുകളുടെ ഉടമസ്ഥതയിലോ ലീസിനോ ഉള്ളതാണ്. ലോകകപ്പിന്റെ പ്രധാനമത്സരങ്ങൾ നടക്കുന്ന 10 വേദികൾ നവീകരിക്കാൻ ബിസിസിഐ 50 കോടി രൂപവീതം അനുവദിച്ചിട്ടുണ്ട്. രാജ്യാന്തര മത്സരങ്ങൾക്ക് വേദിയാകുന്ന ഇന്ത്യയിലെ മറ്റു സ്റ്റേഡിയങ്ങൾക്കും ബിസിസിഐ പണം അനുവദിക്കാറുണ്ട്.
എല്ലാ ക്രിക്കറ്റ് അസോസിയേഷനുകൾക്കും സ്വന്തം സ്റ്റേഡിയം വേണമെന്ന് ബിസിസിഐ നിർദേശമുണ്ട്. ഇന്ത്യയിലെ എല്ലാ രാജ്യാന്തര സ്റ്റേഡിയങ്ങളും അസോസിയേഷനുകളുടെ സ്വന്തമോ സർക്കാർ ദീർഘകാലാടിസ്ഥാനത്തിൽ ലീസിന് നൽകിയിട്ടുള്ളതോ ആണ്. 33 വർഷമെങ്കിലും ലീസിന് ലഭിച്ചിട്ടുള്ള സ്റ്റേഡിയത്തിനുമാത്രമേ ബിസിസിഐ ഫണ്ട് അനുവദിക്കുകയുള്ളു. രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി), ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സംഘം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ സൗകര്യങ്ങൾ കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു.