സിഡ്നി
ഇംഗ്ലണ്ട് വനിതാ ഫുട്ബോൾ ലോകകപ്പിന്റെ പ്രീ ക്വാർട്ടറിലേക്ക്. ഗ്രൂപ്പ് ബിയിൽ ഡെൻമാർക്കിനെ ഒരു ഗോളിന് തോൽപ്പിച്ച ഇംഗ്ലണ്ട് ഒന്നാംസ്ഥാനത്താണ്. അവസാന കളിയിൽ ചൈനയ്ക്കെതിരെ സമനില നേടിയാൽ മുന്നേറാം. ചൈന ഹെയ്തിയെ ഒരു ഗോളിന് തോൽപ്പിച്ച് പ്രതീക്ഷ നിലനിർത്തി.
ഗ്രൂപ്പ് ജിയിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത അർജന്റീന ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ട് ഗോളിന് പിന്നിട്ടുനിന്നശേഷം സമനില പിടിച്ചു (2–-2).
ഗ്രൂപ്പിലെ ആദ്യകളിയിൽ ഹെയ്തിക്കെതിരെ മങ്ങിയ പ്രകടനം പുറത്തെടുത്ത ഇംഗ്ലണ്ട് ഡെൻമാർക്കിനോട് മികച്ച കളി കെട്ടഴിച്ചു. കളിയുടെ ആറാം മിനിറ്റിൽ ലോറെൻ ജയിംസിന്റെ ഗോളിൽ മുന്നിലെത്തിയ ഇംഗ്ലണ്ട് പിന്നെ വിട്ടുകൊടുത്തില്ല. റേച്ചൽ ഡാലിയുടെ നീക്കത്തിൽനിന്നായിരുന്നു ഇരുപത്തൊന്നുകാരിയുടെ ഗോൾ. ഇംഗ്ലീഷ് ക്ലബ് ചെൽസിയുടെ പ്രതിരോധക്കാരൻ റീസെ ജയിംസിന്റെ സഹോദരിയാണ് ലോറെൻ. ലോകകപ്പിൽ ഇംഗ്ലണ്ടിനായി ഗോളടിക്കുന്ന പ്രായംകുറഞ്ഞ രണ്ടാമത്തെ താരവുമായി.
ജയത്തിനിടയിലും ഇംഗ്ലണ്ടിന് തിരിച്ചടിയുണ്ടായി. പ്രധാന താരം കെയ്റ വാൽഷ് പരിക്കേറ്റ് മടങ്ങിയത് ആശങ്കയായി. കളിയുടെ മുപ്പത്തെട്ടാം മിനിറ്റിലാണ് കാൽമുട്ടിലെ പരിക്കുകാരണം വാൽഷിനെ പിൻവലിച്ചത്. ശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കുന്ന കാര്യം സംശയത്തിലായി.
ഗ്രൂപ്പ് ബിയിൽ ആറ് പോയിന്റാണ് ഇംഗ്ലണ്ടിന്. ഡെൻമാർക്കിനും ചൈനയ്ക്കും മൂന്നുവീതം പോയിന്റ്. രണ്ട് കളിയും തോറ്റ ഹെയ്തി പുറത്തായി. വാങ് ഷുവാങ്ങിന്റെ പെനൽറ്റി ഗോളിലാണ് ചൈന ഹെയ്തിയെ മടക്കിയത്.
ദക്ഷിണാഫ്രിക്കയോട് 74–-ാം മിനിറ്റ് വരെ അർജന്റീന രണ്ട് ഗോളിന് പിന്നിലായിരുന്നു. സോഫിയ ബ്രൗണാണ് ആദ്യ ഗോൾ നേടിയത്. അഞ്ച് മിനിറ്റിനുള്ളിൽ ബ്രൗണിന്റെ വോളിയിൽ തലവച്ച് റൊമിന ന്യൂനെസ് അർജന്റീനയ്ക്ക് സമനില നൽകി. ലോകകപ്പിലെ ആദ്യജയം ലക്ഷ്യമിട്ടിറങ്ങിയ ദക്ഷിണാഫ്രിക്ക ലിൻഡ മൊതാലോ, തെംബി കഗാറ്റ്ലന എന്നിവരിലൂടെയാണ് തുടക്കത്തിൽ ലീഡ് നേടിയത്. ഇരു ടീമുകൾക്കും ഓരോ പോയിന്റാണ്. അവസാന കളിയിൽ അർജന്റീന സ്വീഡനെയും ദക്ഷിണാഫ്രിക്ക ഇറ്റലിയെയും നേരിടും.