ബാർബഡോസ്
വെസ്റ്റിൻഡീസിനെതിരെ പരമ്പരജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് രണ്ടാം ഏകദിനത്തിന്. ബാർബഡോസിലാണ് മത്സരം. ആദ്യകളിയിൽ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. മൂന്ന് മത്സരങ്ങളാണ് പരമ്പരയിൽ. ഏകദിന ക്രിക്കറ്റ് ലോകകപ്പ് അടുത്തുനിൽക്കെ കൂടുതൽ പരീക്ഷണങ്ങളിലേക്ക് ഇന്ത്യ കടന്നേക്കില്ല. ആദ്യകളിയിൽ ബാറ്റിങ് നിരയിൽ പരീക്ഷണം നടത്തിയിരുന്നു. സ്പിന്നർമാരായ കുൽദീപ് യാദവിന്റെയും രവീന്ദ്ര ജഡേജയുടെയും മികവിൽ വിൻഡീസിനെ 114 റണ്ണിന് പുറത്താക്കിയ ഇന്ത്യ 22.5 ഓവറിൽ ജയം നേടുകയായിരുന്നു. ഓപ്പണറായെത്തിയ വിക്കറ്റ് കീപ്പർ ഇഷാൻ 46 പന്തിൽ 52 റണ്ണടിച്ച് ജയം എളുപ്പമാക്കി. ആറ് റൺമാത്രം വിട്ടുനൽകി നാല് വിക്കറ്റെടുത്ത കുൽദീപാണ് ആദ്യകളിയിലെ മാൻ ഓഫ് ദി മാച്ച്.
ചെറിയ സ്കോറായതിനാൽ വിരാട് കോഹ്ലി ബാറ്റിങ്ങിന് ഇറങ്ങിയിരുന്നില്ല. രോഹിത് ശർമ ഏഴാമനായാണ് എത്തിയത്. ബൗണ്ടറി പായിച്ച് ക്യാപ്റ്റൻ ജയമൊരുക്കുകയായിരുന്നു.ബ്രിഡ്ജ്ടൗണിലെപ്പോലെ സ്പിന്നർമാർക്ക് മുൻതൂക്കം നൽകുന്ന പിച്ചായിരിക്കില്ല ബാർബഡോസിൽ. പേസർമാരെ തുണയ്ക്കുമെന്നാണ് കരുതുന്നത്. മഴയ്ക്ക് സാധ്യതയുണ്ട്.
ഇന്ത്യൻ ടീമിൽ മാറ്റങ്ങൾക്ക് സാധ്യതയില്ല. വിക്കറ്റ് കീപ്പറായി കിഷൻതന്നെ തുടർന്നേക്കും. അങ്ങനെയാണെങ്കിൽ മലയാളിതാരം സഞ്ജു സാംസണ് ഇന്നും പുറത്തിരിക്കേണ്ടിവരും. നിരന്തരം പരാജയപ്പെടുന്ന സൂര്യകുമാർ യാദവിന് പകരം കളിപ്പിക്കാനുള്ള സാധ്യതയും കുറവാണ്. 24 ഏകദിനം കളിച്ച സൂര്യകുമാറിന് ആകെ 452 റണ്ണാണ് നേടാനായത്. പരിക്കുമാറി ശ്രേയസ് അയ്യർ തിരിച്ചെത്തിയാൽ ഈ മുപ്പത്തിരണ്ടുകാരന് സ്ഥാനം നഷ്ടമാകാനാണ് സാധ്യത. ഏഷ്യാ കപ്പും ലോകകപ്പും മുന്നിൽനിൽക്കെ സ്ഥാനം നിലനിർത്താനുള്ള അവസാന അവസരമാണ് ഈ പരമ്പര.
മറുവശത്ത് ഏറ്റവും മോശം കാലഘട്ടത്തിലൂടെയാണ് വിൻഡീസ് ക്രിക്കറ്റിന്റെ യാത്ര. ആദ്യ ഏകദിനത്തിൽ ബാറ്റിങ് നിര തകർന്നടിഞ്ഞു. ഇന്ന് മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. കൈൽ മയേഴ്സിന് പകരം കീസി കാർട്ടി കളിച്ചേക്കും.
ഇന്ത്യൻ ടീം:
രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, ശാർദുൽ ഠാക്കൂർ, കുൽദീപ് യാദവ്, ഉമ്രാൻ മാലിക്ക്, മുകേഷ് കുമാർ
വെസ്റ്റിൻഡീസ്:
ബ്രണ്ടൻ കിങ്, അലിക് അതാനെസ്, ഷായ് ഹോപ്, കീസി കാർട്ടി, ഷിംറോൺ ഹെറ്റ്മെയർ, റോവ്മാൻ പവൽ, റൊമാരിയോ ഷെപേർഡ്, ഡൊമിനിക് ഡ്രേക്സ്, യാന്നിക് കരിയാ, ഗുദഷേഷ് മോട്ടി, ജയ്ഡെൻ സീൽസ്.