കുവൈത്ത് സിറ്റി > ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിനുള്ള ഐസിസി – ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ ലോകകപ്പ് ട്രോഫി ആഗസ്റ്റ് 10, 11 തീയതികളിൽ കുവൈറ്റിൽ പ്രദർശിപ്പിക്കും. പര്യടനത്തിനിടെ ഇതാദ്യമായാണ് ഒരു ഐസിസി ലോകകപ്പ് ട്രോഫി കുവൈത്തിൽ എത്തുന്നത്.
കുവൈത്ത് ക്രിക്കറ്റ് ആരാധകർ, ഫോളോവേഴ്സ്, ടീമുകൾ, കളിക്കാർ, അംഗങ്ങൾ, ഉദ്യോഗസ്ഥർ, സ്പോൺസർമാർ, മീഡിയ ചാനലുകൾ, പങ്കാളികൾ എന്നിവർക്ക് ലോകകപ്പിലെ ഏറ്റവും വലിയ സമ്മാനത്തോടുകൂടിയ സെൽഫിയും ചിത്രവും എടുക്കാൻ ഓഗസ്റ്റ് 11 ന് കുവൈറ്റ് സുലൈബിയ ക്രിക്കറ്റ് ഗ്രൗണ്ടിൽ അവസരം ലഭിക്കുമെന്ന് കുവൈറ്റ് ക്രിക്കറ്റ് അധികൃതർ അറിയിച്ചു.
ജൂൺ 27-ന് ഇന്ത്യയിൽ ആരംഭിക്കുന്ന പര്യടനം സെപ്തംബർ 4-ന് ആതിഥേയ രാജ്യത്തേക്ക് മടങ്ങുന്നതിന് മുമ്പ് ലോകമെമ്പാടും സഞ്ചരിക്കും. കുവൈറ്റ്, ബഹ്റൈൻ, മലേഷ്യ, യുഎസ്എ, നൈജീരിയ, ഉഗാണ്ട, ഫ്രാൻസ്, ഇറ്റലി, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക, ആതിഥേയ രാജ്യമായ ഇന്ത്യ എന്നിവയുൾപ്പെടെ ലോകത്തെ 18 രാജ്യങ്ങളിലേക്ക് ട്രോഫി സഞ്ചരിക്കും.
“ക്രിക്കറ്റിന് ഒരു ബില്യണിലധികം ആരാധകരുണ്ട്, ഞങ്ങളുടെ കായികരംഗത്തെ ഏറ്റവും മികച്ച ചില ഇതിഹാസങ്ങൾ ഉയർത്തിപ്പിടിച്ച ഈ പ്രശസ്തമായ ട്രോഫിക്ക് അടുത്തെത്താൻ കഴിയുന്നത്ര ആളുകൾക്ക് അവസരം നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” ഐസിസി ചീഫ് എക്സിക്യൂട്ടീവ് ജെഫ് അലാർഡിസ് പറഞ്ഞു. ഞങ്ങൾ ലോകകപ്പിന്റെ കൗണ്ട്ഡൗൺ ചെയ്യുമ്പോൾ, ട്രോഫി ടൂർ ആരാധകർക്ക് അവർ എവിടെയായിരുന്നാലും പരിപാടിയുടെ ഭാഗമാകാനുള്ള മികച്ച അവസരമാണെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു.
2023 ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് ഒക്ടോബർ 5 മുതൽ നവംബർ 19 വരെ ഇന്ത്യയിൽ നടക്കും.