പോർട്ട് ഓഫ് സ്പെയ്ൻ
ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള രണ്ടാംക്രിക്കറ്റ് ടെസ്റ്റ് കനത്ത മഴയെ തുടർന്ന് ഉപേക്ഷിച്ചു. അവസാനദിവസം ഒറ്റപ്പന്ത് എറിയാനായില്ല. കളി സമനിലയിൽ അവസാനിച്ചു. ഇതോടെ ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ 1–0ന് പരമ്പര സ്വന്തമാക്കി. ഇന്ത്യ 438, 2–-181 ഡിക്ല.; വിൻഡീസ് 255, 2–-76. അഞ്ചാംദിവസം വിൻഡീസിന്റെ ബാക്കിയുള്ള എട്ട് വിക്കറ്റെടുത്താൽ ഇന്ത്യക്ക് ജയിക്കാമായിരുന്നു. എന്നാൽ മഴ തടസമായി.
നാലാംദിവസവും മഴയുടെ ഇടപെടലുണ്ടായിരുന്നു. കിട്ടിയ സമയത്ത് രണ്ടാം ഇന്നിങ്സിൽ അതിവേഗം റണ്ണടിച്ച് ഇന്ത്യ ഡിക്ലയർ ചെയ്തു. ജയിക്കാൻ 365 റൺ ലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസിന് നാലാംദിനം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 76 റണ്ണെടുക്കാനേ കഴിഞ്ഞുള്ളൂ. ജയിക്കാൻ 289 റണ്ണാണ് വേണ്ടിയിരുന്നത്. ക്യാപ്റ്റൻ ക്രെയ്ഗ് ബ്രത്വെയ്റ്റും (28) കിർക് മകൻസിയും (0) പുറത്തായി. രണ്ട് വിക്കറ്റും സ്പിന്നർ ആർ അശ്വിനാണ്. തേജ്നരെയ്ൻ ചന്ദർപോളും (24) ജെർമെയ്ൻ ബ്ലാക്ക്വുഡുമായിരുന്നു (20) ക്രീസിൽ.
രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റൻ രോഹിത് ശർമയും (57) വിക്കറ്റ് കീപ്പർ ഇഷാൻ കിഷനും (52*) അർധസെഞ്ചുറി നേടി. യശസ്വി ജയ്സ്വാൾ 38 റണ്ണെടുത്ത് പുറത്തായി. 29 റണ്ണുമായി ശുഭ്മാൻ ഗിൽ ഇഷാൻ കിഷന് കൂട്ടായി. ഏകദിന പരമ്പരയ്ക്ക് 27ന് തുടക്കമാകും. മൂന്ന് മത്സരമാണ് പരമ്പരയിൽ. പിന്നാലെ അഞ്ച് മത്സര ട്വന്റി 20 പരമ്പരയും നടക്കും.