ഫുക്കുവോക്ക
ലോക നീന്തൽ ചാമ്പ്യൻഷിപ്പിൽ ചൈനയ്ക്ക് ഇരട്ട സ്വർണം. പുരുഷന്മാരുടെ 100 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിൽ ഏഷ്യൻ റെക്കോഡോടെ ക്വിൻ ഹയാങും വനിതകളുടെ 100 മീറ്റർ ബട്ടർഫ്ലൈയിൽ സാങ് യുഫിയുമാണ് സ്വർണം നേടിയത്.
വനിതാ ഫൈനൽ, ടോക്യോ ഒളിമ്പിക്സിന്റെ ആവർത്തനമായിരുന്നു. പക്ഷേ, അവിടെ 100 മീറ്റർ വിജയിച്ച ക്യാനഡയുടെ മാർഗരറ്റ് മക്നീൽ ഇവിടെ വെള്ളിയിലൊതുങ്ങി. സാങിന് ഒളിമ്പിക്സിൽ വെള്ളിയായിരുന്നു. ബ്രിട്ടന്റെ ഒളിമ്പിക്സ് ചാമ്പ്യനും ലോക റെക്കോഡുകാരനുമായ ആദം പീറ്റിയില്ലാതെയാണ് പുരുഷന്മാരുടെ 100 മീറ്റർ പൂർത്തിയായത്. മാനസികാരോഗ്യം മെച്ചപ്പെടുത്താൻ പീറ്റി ഇടവേളയെടുത്തതാണ്.വനിതകളുടെ 200 മീറ്റർ മെഡ്ലേയിൽ അമേരിക്കയുടെ കാറ്റി ഡഗ്ലസും അലക്സ് വാൽഷും 1–-2 ഫിനിഷ് നടത്തി. ഇരുവരും വിർജീനിയ യൂണിവേഴ്സിറ്റി താരങ്ങളാണ്. പുരുഷന്മാരുടെ 50 മീറ്റർ ബട്ടർഫ്ലൈയിൽ ഇറ്റലിയുടെ തോമസ് സൈക്കോൺ ചാമ്പ്യനായി.
സജൻ പുറത്ത്
മലയാളി നീന്തൽതാരം സജൻ പ്രകാശ് ലോക നീന്തൽ ചാമ്പ്യൻഷിപ്പിൽ 50 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്കിൽ പുറത്തായി. 91 പേർ അണിനിരന്ന മത്സരത്തിൽ സജന് 57–-ാംസ്ഥാനമാണ്. 200 മീറ്റർ ബട്ടർഫ്ലൈയിൽ മത്സരിക്കും. മറ്റൊരു ഇന്ത്യൻ താരം ശ്രീഹരി നടരാജിനും സെമിയിലേക്ക് മുന്നേറാനായില്ല. 100 മീറ്റർ ബാക്ക്സ്ട്രോക്ക് ഹീറ്റ്സിൽ അവസാന സ്ഥാനത്തായി.