അഡ്ലെയ്ഡ്
മാർത്തയുടെ പിൻഗാമിയായി അറി ബോർജെസ് കളംവാണ രാത്രിയിൽ ബ്രസീലിന് ഗോൾമഴ. വനിതാ ഫുട്ബോൾ ലോകകപ്പിൽ പാനമയെ നാല് ഗോളിന് തകർത്ത് ബ്രസീൽ തുടങ്ങി. ലോകകപ്പിലെ അരങ്ങേറ്റക്കളിയിൽ ഹാട്രിക് അടിച്ച് ബോർജെസ് ബ്രസീലിന്റെ താരോദയമായി. മറ്റൊരു കളിയിൽ ജർമനി മൊറോക്കോയെ ആറ് ഗോളിന് നിലംപരിശാക്കി. ഇറ്റലി അർജന്റീനയെ ഒരു ഗോളിന് വീഴ്ത്തി.
ലോകകപ്പിൽ ഇതുവരെ കിരീടം നേടാനാകാത്ത ബ്രസീൽ ഇക്കുറി ഒരുങ്ങിയാണ് ഇറങ്ങിയത്. ഗ്രൂപ്പ് എഫിലെ ആദ്യകളിയിൽ പാനമയോട് ഒരു ദയയും മഞ്ഞപ്പട കാട്ടിയില്ല. കളി തുടങ്ങി നിമിഷങ്ങൾക്കുള്ളിൽത്തന്നെ പാനമ ഗോൾമേഖലയിൽ ബ്രസീൽനിര തമ്പടിച്ചു. അരമണിക്കൂർ തികയുംമുമ്പ് ആദ്യഗോളെത്തി. ദെബീന്യയുടെ ക്രോസ്, ബോർജെസിന്റെ ഹെഡർ. പാനമ ഗോൾ കീപ്പർ യെനിത് ബെയ്ലിക്ക് പിടിച്ചുനിൽക്കാനായില്ല. ഇടവേളയ്ക്ക് തൊട്ടുമുമ്പ് മറ്റൊരു ക്രോസുമെത്തി. ഇക്കുറി ബോർജെസിന്റെ ഹെഡർ ബെയ്ലി തട്ടിയകറ്റി. പക്ഷേ, പന്ത് വീണത് ബ്രസീൽ മുന്നേറ്റക്കാരിയുടെ കാലിൽ. കരുത്തുറ്റ ഷോട്ട് വല കയറി.
മൂന്നാമത്തേത് ഇടവേളയ്ക്ക് തൊട്ടുമുമ്പായിരുന്നു. ക്രോസ് കൃത്യമായി ബോക്സിൽ. ബോർജെസ് അത് പിടിച്ചെടുത്തു. അടിതൊടുക്കുന്നതിന് പകരം പിന്നിലേക്ക് തട്ടിയിട്ടു. ഹാട്രിക്കിന് ശ്രമിക്കാതെ കൂട്ടുകാരി ബിയ സനേരറ്റയ്ക്ക് ഗോൾ നേടാൻ അവസരം നൽകുകയായിരുന്നു ഇരുപത്തിമൂന്നുകാരി.
കളി അവസാനിക്കാൻ 20 മിനിറ്റ് ശേഷിക്കെ ബോർജെസ് അർഹിച്ച ഹാട്രിക് സ്വന്തമാക്കി. ഗെയ്സെയുടെ കൃത്യതയുള്ള ക്രോസിൽ തലവച്ചായിരുന്നു ഹാട്രിക് പൂർത്തിയാക്കിയത്. ലോകകപ്പ് അരങ്ങേറ്റത്തിൽ ഹാട്രിക് നേടുന്ന ആദ്യ ബ്രസീൽ താരമാണ്. അഞ്ച് മിനിറ്റുശേഷം ഇതിഹാസതാരം മാർത്തയ്ക്കായി വഴിയൊരുക്കി ബോർജെസ് കളംവിട്ടു. മാർത്തയുടെ ആറാം ലോകകപ്പാണിത്. അവസാന നിമിഷം ഫ്രീകിക്ക് കിട്ടിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല.
അടുത്തകളിയിൽ 28ന് യൂറോപ്യൻ കരുത്തരായ ഫ്രാൻസാണ് എതിരാളി.ഗ്രൂപ്പ് എച്ചിൽ നവാഗതരായ മൊറോക്കോയെ ജർമനി തകർത്തുവിട്ടു. അലെക്സാൻഡ്ര പോപ് ഇരട്ടഗോളടിച്ചു. കിയാറ ബുൾ, ഷുളെർ എന്നിവരും ഗോളടിച്ചു. രണ്ടെണ്ണം മൊറോക്കോ താരങ്ങളുടെ പിഴവുഗോളുകളായിരുന്നു. രണ്ടുതവണ ചാമ്പ്യൻമാരായ ജർമനി 24 ഗ്രൂപ്പ് മത്സരങ്ങളിൽ ഒരുതവണ മാത്രമേ തോറ്റിട്ടുള്ളൂ. അവരുടെ ഏറ്റവും വലിയ ജയമാണിത്.അർജന്റീനയ്ക്കെതിരെ കളി തീരാൻ മൂന്ന് മിനിറ്റ് ശേഷിക്കെയാണ് ഇറ്റലി വിജയഗോൾ നേടിയത്. ക്രിസ്റ്റീന ഗിറെല്ലി ലക്ഷ്യം കണ്ടു. അർജന്റീനയ്ക്ക് ലോകകപ്പിൽ ഇതുവരെ ഒരു കളി ജയിക്കാനായിട്ടില്ല.