കുവൈത്ത് സിറ്റി > രാജ്യത്ത് വിദേശികളുടെ താമസം നിയന്ത്രിക്കുന്ന പുതിയ നിയമം കൊണ്ടുവരാൻ കുവൈത്ത് ഒരുങ്ങുന്നു. പുതിയ നിർദ്ദേശം അടിയന്തരമായി ദേശീയ അസംബ്ലിയിലേക്ക് റഫർ ചെയ്യുന്നതിന് മുമ്പ് ചർച്ചയ്ക്കും അംഗീകാരത്തിനും വേണ്ടി ആദ്യം ക്യാബിനറ്റിൽ അവതരിപ്പിക്കുമെന്ന് പ്രാദേശിക ദിനപത്രമായ കുവൈത്ത് ടൈംസ് റിപ്പോർട്ട് ചെയ്തു.
പുതിയ നിർദ്ദേശം അനുസരിച്ച്, ഒരു പ്രവാസിക്ക് അഞ്ച് വർഷത്തിൽ കൂടാത്ത താമസാനുമതിയാണ് നൽകുക എന്നാൽ നിക്ഷേപകർക്ക് അവരുടെ പ്രവർത്തനത്തെ ആശ്രയിച്ച് 15 വർഷം വരെ റസിഡൻസ് പെർമിറ്റ് നൽകും. രാജ്യത്തിന് സാമ്പത്തികമായ നേട്ടം ലഭിക്കുന്നതിനു ഇവരിൽ നിന്ന് ഫീസ് ഈടാക്കുകയും ചെയ്യും.
ഗാർഹിക തൊഴിലാളികൾക്ക് നാല് മാസത്തേക്ക് മാത്രമേ കുവൈത്തിന് പുറത്തേക്ക് യാത്ര ചെയ്യാൻ അനുമതിയുള്ളൂ, അതിനുശേഷം അവരുടെ റസിഡൻസി പെർമിറ്റ് റദ്ദാക്കപ്പെടും. സ്വദേശി സ്ത്രീകൾക്ക് വിദേശി ഭർത്താവിൽ ജനിച്ച മക്കളുടെ താമസ രേഖ 10 വർഷമാക്കി വർദ്ധിപ്പിക്കുക എന്നതാണ് മറ്റൊരു നിർദ്ദേശം. ഒക്ടോബർ അവസാനത്തോടെ നിയമം പാർലമെന്റിൽ അവതരിപ്പിക്കും എന്നും പത്രം റിപ്പോർട്ട് ചെയ്യുന്നു.