കൊളംബോ
പാകിസ്ഥാന്റെ യുവ ടീം തുടർച്ചയായ രണ്ടാംതവണയും എമർജിങ് ഏഷ്യാകപ്പ് ഏകദിന ക്രിക്കറ്റ് ജേതാക്കൾ. ഫൈനലിൽ ഇന്ത്യ എ ടീമിനെ 128 റണ്ണിന് തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ എ ടീം എട്ട് വിക്കറ്റ് നഷ്ടത്തിൽ 352 റണ്ണടിച്ചു. ഇന്ത്യയുടെ മറുപടി 40 ഓവറിൽ 224ന് അവസാനിച്ചു. ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ എട്ട് വിക്കറ്റിന് പാകിസ്ഥാനെ തോൽപ്പിച്ചിരുന്നു.
ടോസ് നേടി പന്തെറിയാനുള്ള ഇന്ത്യൻ ക്യാപ്റ്റൻ യാഷ് ദുളിന്റെ തീരുമാനം പിഴച്ചു. പാകിസ്ഥാൻ ഓപ്പണർമാരായ സായിം അയൂബും (59) സാഹിബ്സാദാ ഫർഹാനും (65) ഒന്നാംവിക്കറ്റിൽ 121 റണ്ണാണ് അടിച്ചുകൂട്ടിയത്. ഒരോവറിൽ രണ്ട് വിക്കറ്റ് നേടി റിയാൻ പരാഗ് ഇന്ത്യക്ക് ആശ്വാസം നൽകിയെങ്കിലും തയ്യബ് താഹിർ വിട്ടുകൊടുത്തില്ല. 71 പന്തിൽ 108 റണ്ണാണ് വലംകൈയൻ ബാറ്റർ അടിച്ചെടുത്തത്. 12 ഫോറും നാല് സിക്സറും അതിൽ ഉൾപ്പെട്ടു.
ഇന്ത്യൻ ഓപ്പണർമാരായ സായ് സുദർശനും (29) അഭിഷേക് ശർമയും (61) മോശമല്ലാത്ത തുടക്കമാണ് നൽകിയത്. എന്നാൽ, കൂറ്റൻ സ്കോർ പിന്തുടരാനുള്ള കരുത്ത് തുടർന്നുള്ളവർക്കുണ്ടായില്ല. ക്യാപ്റ്റൻ ദുളിന്റെ ശ്രമം 39 റണ്ണിൽ അവസാനിച്ചു. പാകിസ്ഥാനുവേണ്ടി സുഫിയാൻ മുഖീം മൂന്ന് വിക്കറ്റ് വീഴ്ത്തി.