തിരുവനന്തപുരം
പുതുപ്പള്ളിയിലെ സ്ഥാനാർഥിത്വത്തെച്ചൊല്ലി കോൺഗ്രസിൽ പുകച്ചിൽ തുടങ്ങി. ഉമ്മൻചാണ്ടിയുടെ കുടുംബത്തിൽനിന്ന് തന്നെയാകും സ്ഥാനാർഥിയെന്ന പ്രഖ്യാപനം കെപിസിസി പ്രസിഡന്റ് കെ സുധാകരൻ മണിക്കൂറുകൾക്കുള്ളിൽ വിഴുങ്ങി. സ്ഥാനാർഥി ആകാനില്ലന്ന് ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ പരസ്യമായി പറഞ്ഞു. ചാണ്ടി ഉമ്മനെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യവുമായി ചെറിയാൻ ഫിലിപ്പ് രംഗത്തെത്തി.
പുതുപ്പള്ളി സ്ഥാനാർഥി ആരെന്ന് തീരുമാനിക്കേണ്ടത് ഉമ്മൻചാണ്ടിയുടെ കുടുംബമാണെന്നായിരുന്നു സുധാകരൻ രാവിലെ ആലുവയിൽ മാധ്യമങ്ങളോട് പറഞ്ഞത്. ഇക്കാര്യം പാർടിയല്ല തീരുമാനിക്കേണ്ടതെന്നും ആവർത്തിച്ചു. പുറത്തുനിന്നാരും കോൺഗ്രസ് സ്ഥാനാർഥിയാകില്ലെന്നും ഉമ്മൻചാണ്ടിയുടെ മകളോ മകനോ എന്നതുമാത്രമാണ് തീരുമാനിക്കാനുള്ളതെന്നും അത് കുടുംബമാണ് തീരുമാനമെടുക്കേണ്ടതെന്നും പറഞ്ഞു.
ഉച്ചയോടെ മലക്കം മറിഞ്ഞ സുധാകരൻ, രാവിലത്തെ പ്രതികരണം വിഴുങ്ങി. പുതുപ്പള്ളിയിലെ സ്ഥാനാർഥി ഉമ്മൻചാണ്ടിയുടെ കുടുംബത്തിൽനിന്ന് തന്നെയാകുമെന്നല്ല താൻ ഉദ്ദേശിച്ചതെന്ന് വാർത്താക്കുറിപ്പിറക്കി. സ്ഥാനാർഥി ഉമ്മൻചാണ്ടിയുടെ കുടുംബത്തിൽനിന്നാകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, അതും പരിഗണിക്കുമെന്നാണ് പറഞ്ഞതെന്നായി ന്യായീകരണം. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ അനൗപചാരിക ചർച്ചകൾ തുടങ്ങിയെന്ന രാവിലത്തെ പ്രതികരണവും വിഴുങ്ങി. ചർച്ചയൊന്നും നടന്നിട്ടില്ലെന്നായി പ്രസ്താവന. പാർടിയിൽ ചർച്ചകളാെന്നും നടത്താതെ, സുധാകരൻ നടത്തിയ പ്രസ്താവനയിൽ നേതാക്കൾക്കുള്ളിൽതന്നെ മുറുമുറുപ്പ് ഉയർന്ന സാഹചര്യത്തിലായിരുന്നു തിരുത്തൽ.
ഉമ്മൻചാണ്ടിയുടെ അനന്തരാവകാശിയാകാൻ എല്ലാവിധ അർഹതയുമുള്ളത് മകൻ ചാണ്ടി ഉമ്മനാണെന്ന് ചെറിയാൻ ഫിലിപ്പ് ഞായർ രാവിലെ ഫെയ്സ്ബുക്ക് പോസ്റ്റിട്ടു. അച്ചു ഉമ്മനെ മാർ ഇവാനിയോസ് കോളേജ് യൂണിയൻ ചെയർമാൻ ആക്കാനും കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറിയാക്കാനും താനും ശരത്ചന്ദ്രപ്രസാദുംകൂടി മുൻകൈ എടുത്തപ്പോൾ ഉമ്മൻചാണ്ടി എതിർത്തുവെന്നും ചെറിയാൻ ഫിലിപ്പ് കുറിച്ചു. ചാണ്ടി ഉമ്മൻ സ്ഥാനാർഥിയാകണമെന്ന് ചെറിയാൻ ഫിലിപ്പ് അഭിപ്രായപ്പെട്ടത് ശരിയല്ലെന്നായിരുന്നു സുധാകരന്റെ മറുപടി.
സ്ഥാനാർഥിയാകാനില്ലെന്നും സജീവ രാഷ്ട്രീയത്തിൽ താൽപ്പര്യമില്ലെന്നും ഉമ്മൻചാണ്ടിയുടെ പെൺമക്കളായ മറിയം ഉമ്മനും അച്ചു ഉമ്മനും വ്യക്തമാക്കി. വിദേശത്താണ് സ്ഥിരതാമസമെന്നും സ്ഥാനാർഥി ആകുന്നതിനെക്കുറിച്ച് സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ലെന്നും അച്ചു ഉമ്മൻ മാധ്യമങ്ങളോടു പറഞ്ഞു. ചാണ്ടി ഉമ്മന് സ്ഥാനാർഥിയാകാൻ യോഗ്യതയുണ്ട്. തീരുമാനമെടുക്കേണ്ടത് കോൺഗ്രസ് പാർടിയാണ്. ഉമ്മൻചാണ്ടിയുടെ ചികിത്സ സംബന്ധിച്ച ആരോപണങ്ങളിൽ സത്യമില്ലെന്നും കുടുംബം ചെയ്യാവുന്നതെല്ലാം ചെയ്തെന്നും അച്ചു ഉമ്മൻ പറഞ്ഞു.