മോസ്കോ
സെന്റ് പീറ്റേഴ്സ്ബർഗിലെത്തിയ ബലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെൻകോയുമായി കൂടിക്കാഴ്ച നടത്തി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. സ്വകാര്യ സൈനിക സംഘമായ വാഗ്നർ ഗ്രൂപ്പ് മോസ്കോയിൽ നടത്തിയ സായുധകലാപശ്രമത്തിനുശേഷം ആദ്യമായി നടക്കുന്ന കൂടിക്കാഴ്ചയാണ്. പുടിൻ നിർദേശിച്ചതിനെത്തുടർന്ന് ലുകാഷെൻകോ നടത്തിയ ചർച്ചയിലാണ് അന്ന് വാഗ്നർ സൈന്യം പിന്മാറിയത്.
ബലാറസിനെ ആക്രമിക്കുമെന്ന് പോളണ്ട് ഉൾപ്പെടെയുള്ള നാറ്റോ അംഗരാജ്യങ്ങളുടെ ഭീഷണി ശക്തമായി നിലനിൽക്കെയാണ് കൂടിക്കാഴ്ച. കോൺസ്റ്റാന്റിനോവ്സ്കി കൊട്ടാരത്തിൽ നടന്ന ചർച്ചയിൽ പോളണ്ടിന്റെ തലസ്ഥാനമായ വാർസോയിലേക്ക് മാർച്ച് ചെയ്യണമെന്ന വാഗ്നർ സൈനികരുടെ നിലപാടും ലുകാഷെൻകോ പുടിനെ അറിയിച്ചു. നിലവിൽ ബലാറസിലാണ് വാഗ്നർ സൈനികരുള്ളത്.
അതേസമയം, ഉക്രയ്ൻ പട്ടാളം അതിർത്തി ഗ്രാമമായ സുറാവ്ലെകയിൽ ക്ലസ്റ്റർ ബോംബ് ഉപയോഗിച്ചതായും റഷ്യൻ സൈന്യം ആരോപിച്ചു. സപൊറീഷ്യയിലേക്ക് ഉക്രയ്ൻ നടത്തിയ ആക്രമണത്തിൽ റഷ്യയുടെ ഔദ്യോഗിക വാർത്താ ഏജൻസി ആർഐഎയുടെ റിപ്പോർട്ടർ റോസ്തിസ്ലാവ് സുറവ്ലേവ് കൊല്ലപ്പെട്ടു.
ക്രിമിയയിലെ റഷ്യൻ ആയുധ ഡിപ്പോയിൽ ഉക്രയ്ൻ ആക്രമണത്തെതുടർന്ന് തീപിടിത്തമുണ്ടായി. ഒഡേസയിൽ തുടരുന്ന റഷ്യൻ ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് ഉക്രയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കി പറഞ്ഞു.