ഇസ്ലാമാബാദ്
ധനമന്ത്രി ഇഷാഖ് ദാറിനെ കാവൽ പ്രധാനമന്ത്രിയാക്കുന്നത് പരിഗണിച്ച് പാകിസ്ഥാനിലെ ഭരണകക്ഷി പാകിസ്ഥാൻ മുസ്ലിം ലീഗ് നവാസ് പാർടി. ആഗസ്ത് 14ന് നിലവിലെ സർക്കാരിന്റെ കാലാവധി പൂർത്തിയാകും. അടുത്ത ദേശീയ തെരഞ്ഞെടുപ്പ് തീയതി ദേശീയ തെരഞ്ഞെടുപ്പ് കമീഷൻ ഉടൻ പുറപ്പെടുവിക്കുമെന്നും പ്രധാനമന്ത്രി ഷഹബാസ് ഷെറീഫ് പറഞ്ഞു. ആഗസ്ത് എട്ടിന് നിലവിലെ നാഷണൽ അസംബ്ലി പിരിച്ചുവിടുമെന്നാണ് റിപ്പോർട്ട്. നിലവിലെ നിയമപ്രകാരം, സർക്കാർ കാലാവധി പൂർത്തിയാക്കിയാൽ 60 ദിവസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തണം. കാലാവധി പൂർത്തിയാക്കുംമുമ്പ് പിരിച്ചുവിട്ടാൽ, തെരഞ്ഞെടുപ്പ് നടത്താൻ 90 ദിവസം ലഭിക്കും. അതുവരെ, ഭരണനിർവഹണം കാവൽ പ്രധാനമന്ത്രിയുടെ ചുമതലയായിരിക്കും. 2017ലെ തെരഞ്ഞെടുപ്പ് നിയമം പരിഷ്കരിച്ച് കാവൽ പ്രധാനമന്ത്രിക്ക് പതിവിൽക്കൂടുതൽ അധികാരങ്ങൾ നൽകുന്നതും സർക്കാർ പരിഗണിക്കുന്നുണ്ട്.