തിരുവനന്തപുരം
കേരളത്തിന്റെ ധനസ്ഥിതിയെക്കുറിച്ച് ചർച്ചചെയ്യുന്നതിനും സുസ്ഥിര സാമ്പത്തിക ലക്ഷ്യങ്ങളിലേക്കുള്ള മാർഗരേഖ ഉറപ്പാക്കുന്നതിനുംവേണ്ടി സംഘടിപ്പിച്ച ദ്വിദിന സെമിനാർ സമാപിച്ചു. 16–-ാം ധന കമീഷൻ മുമ്പാകെ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചുള്ള ബൃഹത് ചർച്ചകളും അഭിപ്രായ രൂപീകരണവുമായിരുന്നു സമാപന ദിവസത്തിന്റെ സവിശേഷത.
എ കെ ജി പഠന ഗവേഷണകേന്ദ്രം 2024ൽ സംഘടിപ്പിക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര കേരള പഠന കോൺഗ്രസിന്റെ മുന്നോടിയായാണ് ഇ എം എസ് അക്കാദമി, കാട്ടായിക്കോണം വി ശ്രീധർ പഠനഗവേഷണകേന്ദ്രം എന്നിവയുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചത്. കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നൽകേണ്ട വിഹിതങ്ങൾ കവർന്നെടുക്കുന്നതും കുറവുവരുത്തുന്നതും തടഞ്ഞുവയ്ക്കുന്നതും ഫെഡറലിസത്തിനുമേലുള്ള കടന്നുകയറ്റമാണ് എന്ന അഭിപ്രായമാണ് രണ്ടാംദിവസത്തെ ചർച്ചകളിൽ ഉയർന്നുവന്നത്. 16–-ാം ധന കമീഷൻ മുമ്പാകെ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചുള്ള ചർച്ചയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തി.
കൊൽക്കത്ത ഐഐഎമ്മിലെ മുൻ പ്രൊഫസറും സാമ്പത്തിക വിദഗ്ധനുമായ പ്രൊഫ. സുശീൽ ഖന്ന ചർച്ച നിയന്ത്രിച്ചു. മുൻ ക്യാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖർ, എൻഐപിഎഫ്പി മുൻ ഡയറക്ടർമാരായ പ്രൊഫ. എം ഗോവിന്ദ റാവു, പ്രൊഫ. പിനാകി ചക്രവർത്തി, കെ കെ കൃഷ്ണകുമാർ (സിഎസ്ഇഎസ്, കൊച്ചി), ആർ മോഹൻ (ഓണററി ഫെലോ, ഗിഫ്റ്റ്), ടി എം തോമസ് ഐസക് എന്നിവർ സംസാരിച്ചു.
ഇന്ത്യക്ക് അകത്തും പുറത്തും പ്രശസ്തരായ വിദഗ്ധരാണ് സെമിനാറിൽ നീരിക്ഷണങ്ങൾ അവതരിപ്പിച്ചത്. സാമ്പത്തികമേഖലയിലെ ഗവേഷകരും അധ്യാപകരും വിദ്യാർഥികളുമടക്കം പങ്കെടുത്തു. അവതരിപ്പിച്ച പ്രബന്ധങ്ങളും ചർച്ചകളിൽ ഉയർന്നുവന്ന അഭിപ്രായങ്ങളും സ്വരൂപിച്ച് അന്താരാഷ്ട്ര കേരള പഠനകോൺഗ്രസിനുള്ള രേഖ തയ്യാറാക്കും.
ജനസംഖ്യാനുപാതികമായ വികസനം
നടപ്പാക്കണം: കെ എം ചന്ദ്രശേഖർ
ജനസംഖ്യാനുപാതികമായ വികസനം നടപ്പാക്കുന്നതിൽ കേന്ദ്ര സർക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് മുൻ ക്യാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖർ. കക്കൂസ് നിർമിക്കുംപോലെ പ്രാധാന്യം ഇതിന് നൽകണം. ധനകാര്യ കമീഷനുകൾ ഇന്ത്യയുടെ ഫെഡറലിസത്തെ ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. തദ്ദേശസ്ഥാപനങ്ങൾ മുഖേനയുള്ള വികസനത്തിന് പ്രാധാന്യം നൽകണം. അത് ഇപ്പോൾ നടപ്പാകുന്നില്ല. കേന്ദ്ര സർക്കാർ പദ്ധതികളുടെ രൂപഘടന സംസ്ഥാനങ്ങൾക്ക് നടപ്പാക്കാൻ പ്രയാസമുള്ളതാണ്. പലതിനും സബ്സിഡി നൽകാൻ സംസ്ഥാനങ്ങൾക്ക് സാധിക്കുന്നില്ല.
നികുതിവിഹിതം ലഭിക്കാനുള്ള തടസ്സങ്ങൾ
മനസ്സിലാക്കണം: കെ കെ കൃഷ്ണകുമാർ
കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള സാമ്പത്തിക അസന്തുലിതാവസ്ഥ ഇല്ലാതാക്കണമെന്ന് സാമ്പത്തിക വിദഗ്ധൻ കെ കെ കൃഷ്ണകുമാർ പറഞ്ഞു. കേന്ദ്രത്തിൽനിന്നുള്ള നികുതിവിഹിതം കുറയുന്നതാണ് കേരളത്തിന്റെ സാമ്പത്തിക അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നതെന്ന് മനസിലാക്കിക്കൊണ്ടുള്ള സമീപനം 16–-ാം ധനകമീഷനിൽ സ്വീകരിക്കണം. കേരളത്തിന് നികുതിവിഹിതം ലഭിക്കുന്നതിന് തടസമായി നിൽക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണെന്ന് 15–-ാം ധനകമീഷന്റെ നിർദേശങ്ങൾ പരിശോധിച്ച് മനസിലാക്കണം.
സെസും അധികനികുതിയും കേരളത്തെ
ബാധിക്കും: പ്രൊഫ. പിനാകി ചക്രവർത്തി
തിരുവനന്തപുരംന്ദ്രം ചുമത്തുന്ന സെസും അധിക നികുതിയും കേരളത്തെ സാരമായി ബാധിക്കുമെന്ന് എൻഐപിഎഫ്പി മുൻ ഡയറക്ടർ പ്രൊഫ. പിനാകി ചക്രവർത്തി പറഞ്ഞു. കേരളത്തിന്റെ പൊതുമേഖല വിശാലമാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് അവയുടെ വരുമാനം വലുതാണ്. കേരളം വരുമാനത്തിൽ ഒരു ഇടത്തരം സംസ്ഥാനമാണ്. കേന്ദ്രസേവനങ്ങളിൽ കുറവുവരുന്നത് ഇടത്തരം വരുമാനമുള്ള സംസ്ഥാനങ്ങളെ ബാധിക്കും. 16–-ാം ധനകമീഷനിൽ കേരളം നൽകുന്ന നിവേദനത്തിൽ ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിക്കണം.
നികുതിവിഹിതം വർധിപ്പിക്കണമെന്ന്
കേന്ദ്രത്തോട് ആവശ്യപ്പെടണം: ആർ മോഹൻ
കുറഞ്ഞ ആളോഹരി വരുമാനവും ഉയർന്ന സാമൂഹികാവസ്ഥയുമുള്ള സംസ്ഥാനമാണ് കേരളമെന്ന് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ ഓണററി ഫെലോ ആർ മോഹൻ പറഞ്ഞു. അധികാരവിഭജനം എന്നല്ല, കേരളത്തിന് നൽകുന്ന നികുതിവിഹിതം വർധിപ്പിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടണം.കേന്ദ്രം പിരിച്ചെടുത്ത നികുതിവരുമാനത്തിൽനിന്ന് എത്ര ശതമാനം സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുന്നുവെന്നുള്ളത് ചർച്ച ചെയ്യപ്പെടണം.