കൊച്ചി
ശാസ്ത്രബോധത്തിലും മാനവികതയിലും അധിഷ്ഠിതമായ സമൂഹസൃഷ്ടിക്കായി ശാസ്ത്രസാഹിത്യ പരിഷത്ത് വീടുകളിലേക്ക്. ആദ്യഘട്ടത്തിൽ പരിഷത്ത് അംഗങ്ങളുടെ വീടുകൾ സന്ദർശിക്കും. തുടർന്ന് പഞ്ചായത്തിലെ മുഴുവൻ വീടുകളിലുമെത്തും.‘കേരളസമൂഹത്തിന് പരിഷത്തിനെ വേണം, പരിഷത്തിന് താങ്കളെയും’ മുദ്രാവാക്യം ഉയർത്തിയാണ് സന്ദർശനം.
ശാസ്ത്രത്തിന്റെ പ്രാധാന്യം, വെല്ലുവിളികൾ, രാഷ്ട്രീയ–-വികസന സാഹചര്യങ്ങൾ, പരിഷത്ത് പ്രവർത്തനങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള മുഖാമുഖ സംവാദമായിരിക്കും ഗൃഹസന്ദർശനങ്ങളിലെ മുഖ്യ സവിശേഷത. യുവസംഗമം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ശാസ്ത്രവിരുദ്ധത, ലിംഗസമത്വം തുടങ്ങിയവ സംഗമത്തിൽ ചർച്ചയാകും. വനിതകളുടെ മേഖലയിൽ സ്ത്രീപദവിയടക്കമുള്ള വിഷയങ്ങൾ മുന്നോട്ടുവച്ച് പ്രത്യേക ഇടപെടൽ നടത്തും. നവംബറിൽ 141 മേഖലാ പദയാത്രകൾ സംഘടിപ്പിക്കും. ഇതിനുമുന്നോടിയായി പ്രാദേശിക പ്രശ്നങ്ങൾ പഠിച്ച് പരിഹാരമാർഗങ്ങൾ കണ്ടെത്തും. ഇവ ജനങ്ങളുടെ മുന്നിൽ കൊണ്ടുവരുന്നതിന് മുൻഗണന നൽകിയാണ് മേഖലാ ജാഥകൾ സംഘടിപ്പിക്കുക. രാഷ്ട്രീയ–-സാമൂഹ്യ–-സാംസ്കാരിക മേഖലയിൽ ഉൾപ്പെടെയുള്ളവരെ അണിനിരത്തും.
‘ശാസ്ത്രം ജനനന്മക്ക്, ശാസ്ത്രം നവകേരളത്തിന്’ മുദ്രാവാക്യമുയർത്തി ജനുവരിയിൽ കാസർകോടുമുതൽ തിരുവനന്തപുരംവരെ നടത്തിയ പദയാത്രയ്ക്ക് കേരളീയ സമൂഹത്തിൽ വൻസ്വീകാര്യത ലഭിച്ചിരുന്നു. ജനകീയ ശാസ്ത്ര പ്രസ്ഥാനത്തിന് പ്രസക്തി വർധിച്ചതായും വിലയിരുത്തി. ഇതുകൂടി കണക്കിലെടുത്താണ് കേരളത്തിന് നഷ്ടമായിക്കൊണ്ടിരിക്കുന്ന സംവാദാത്മകത വീണ്ടെടുക്കാനും ജനങ്ങളെ രാഷ്ട്രീയവൽക്കരിക്കാനും ലക്ഷ്യമിട്ട് ഗൃഹസന്ദർശനം ഉൾപ്പെടെയുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ബി രമേഷ് പറഞ്ഞു. ശാസ്ത്രബോധത്തിൽ അധിഷ്ഠിതമായ ശാക്തീകരണമാണ് രാഷ്ട്രീയവൽക്കരണമെന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.