കൊച്ചി
ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൽ 74,785 രൂപ തിരിമറി നടത്തിയ ക്ലർക്കിന് കീഴ്ക്കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി ശരിവച്ചു. നെയ്യാറ്റിൻകര കുളത്തൂർ കക്കരവിളവീട്ടിൽ ഈനോസിന്റെ ശിക്ഷയാണ് ശരിവച്ചത്.
സാമ്പത്തികത്തിരിമറി, വ്യാജരേഖ ചമയ്ക്കൽ, കണക്കിൽ കൃത്രിമം കാണിക്കൽ എന്നീ കുറ്റങ്ങൾക്ക് ഓരോ വർഷം കഠിനതടവും 1000 രൂപവീതം പിഴയുമാണ് തിരുവനന്തപുരം സ്പെഷ്യൽ കോടതി ശിക്ഷിച്ചിരുന്നത്. പിഴ അടയ്ക്കാതിരുന്നാൽ രണ്ടുമാസംകൂടി കഠിനതടവും വിധിച്ചിരുന്നു.
ഈനോസാണ് ഡയറക്ടറേറ്റിൽ പണം കൈകാര്യം ചെയ്തിരുന്നത്. 1998 ഒക്ടോബർ മൂന്നിന് 74,785 രൂപ ട്രഷറിയിൽ അടച്ചതായി വ്യാജ ചെലാൻ നിർമിച്ച് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ ഒപ്പിട്ട് പണം തിരിമറി നടത്തുകയായിരുന്നു. 2002ലാണ് ക്രമക്കേട് കണ്ടെത്തിയത്. തുടർന്ന് പ്രതി പണം തിരിച്ചടച്ചു. ഓഡിറ്റിങ്ങിൽ ക്രമക്കേട് കണ്ടെത്തിയപ്പോൾ ഹയർ സെക്കൻഡറി എഡ്യുക്കേഷൻ ഡയറക്ടർ നൽകിയ പരാതിയിൽ വിജിലൻസ് കേസെടുത്തു. കരാർ ജീവനക്കാരനായ പ്യൂണിനെയാണ് പണം ട്രഷറിയിൽ അടയ്ക്കാൻ ഏൽപ്പിച്ചതെന്നും പ്യൂൺ നൽകിയ ചെലാൻ രസീത്, ഓഫീസിൽ സൂക്ഷിക്കുകയായിരുന്നുവെന്നായിരുന്നു പ്രതിയുടെ വാദം. ഇത് തള്ളിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ശിക്ഷ ശരിവച്ചത്. വിജിലൻസിനുവേണ്ടി സ്പെഷ്യൽ ഗവ. പ്ലീഡർ എ രാജേഷ്, സീനിയർ ഗവ. പ്ലീഡർ എസ് രേഖ എന്നിവർ ഹാജരായി.