പോർട്ട് ഓഫ് സ്പെയ്ൻ
ഇന്ത്യ കളിപിടിച്ചു. വെസ്റ്റിൻഡീസിനെതിരായ രണ്ടാംക്രിക്കറ്റ് ടെസ്റ്റിന്റെ അവസാനദിവസമായ ഇന്ന് അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ഇന്ത്യ വിജയവും പരമ്പരയും നേടും. ഒളിച്ചുകളിക്കുന്ന മഴ വെല്ലുവിളിയാണ്. വിൻഡീസ് ഒന്നാംഇന്നിങ്സിൽ 255 റണ്ണിന് പുറത്തായപ്പോൾ ഇന്ത്യക്ക് 183 റൺ ലീഡ് ലഭിച്ചു. രണ്ടാംഇന്നിങ്സ് ട്വന്റി20 ശൈലിയിൽ കളിച്ച ഇന്ത്യ മഴമൂലം നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 98 റണ്ണെടുത്തു. ലീഡ് 281 റണ്ണായി.
മഴ കളിച്ച മൂന്നാംദിവസം വിൻഡീസ് 5–-229 റണ്ണിൽ അവസാനിപ്പിച്ചതാണ്. നാലാംദിവസമായ ഇന്നലെ 26 റണ്ണാണ് കൂട്ടിച്ചേർത്തത്. 7.4 ഓവറിൽ ബാക്കിയുള്ള അഞ്ച് വിക്കറ്റും വീണു. അഞ്ച് വിക്കറ്റെടുത്ത പേസർ മുഹമ്മദ് സിറാജാണ് വിൻഡീസിനെ മെരുക്കിയത്. 23.4 ഓവറിൽ 60 റൺ വഴങ്ങിയാണ് നേട്ടം. ആദ്യ ടെസ്റ്റ് കളിച്ച മുകേഷ് കുമാറിനും രവീന്ദ്ര ജഡേജയ്ക്കും രണ്ട് വിക്കറ്റ്വീതമുണ്ട്. ആദ്യ ടെസ്റ്റിൽ വിജയമൊരുക്കിയ സ്പിന്നർ ആർ അശ്വിന് ഒരു വിക്കറ്റേയുള്ളൂ.
വേഗത്തിൽ ലീഡ് ഉയർത്തി വിൻഡീസിനെ ബാറ്റിങ്ങിന് അയക്കാനാണ് ഇന്ത്യ പിന്നീട് ശ്രമിച്ചത്. ഓപ്പണർമാരായ രോഹിത് ശർമയും യശസ്വി ജയ്സ്വാളും അടിച്ചുതകർത്തു. 5.3 ഓവറിൽ 50 കടന്നു. ടെസ്റ്റിൽ ഇന്ത്യയുടെ അതിവേഗ 50. വിൻഡീസിന്റെ ദയനീയ ഫീൽഡിങ് റണ്ണടിക്കൽ എളുപ്പമാക്കി. രണ്ടുതവണ രക്ഷപ്പെട്ട ക്യാപ്റ്റൻ രോഹിത് 57 റണ്ണിന് പുറത്തായി. 37 റണ്ണുമായി ജയ്സ്വാളും റണ്ണെടുക്കാതെ ശുഭ്മാൻ ഗില്ലും ക്രീസിലുണ്ട്. ഇന്ത്യ 12 ഓവറിലാണ് 98 റണ്ണടിച്ചത്. അതിൽ ഒമ്പത് ഫോറും നാല് സിക്സറുമുണ്ടായിരുന്നു.