തിരുവനന്തപുരം
പൊന്നാനി കോൾപാടത്ത് കൂടുതൽ സ്ഥലം കൃഷി യോഗ്യമാക്കാൻ അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് തയ്യാറാകുന്നു. വെള്ളത്തിലും ചെളിയിലും സഞ്ചരിക്കുന്ന ‘മണ്ണുമാന്തിയന്ത്ര’മായ അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് കോഴിക്കോട് പേരാമ്പ്ര സ്വദേശി എം നിധിൻലാലാണ് നിർമിക്കുന്നത്. കൃഷി വകുപ്പിനായി തദ്ദേശീയമായി രണ്ടുവർഷം മുമ്പ് നിർമിച്ച അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് ഹിറ്റായിരുന്നു. തുടർന്നാണ് കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ (കെയ്കോ) രണ്ടാമത്തെ കസ്റ്റമറായി എത്തിയത്. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 1.3 കോടി ചെലവിലാണ് നിർമാണം.
76 എച്ച്പി കിർലോസ്കർ എൻജിനാണ് ഉപയോഗിക്കുന്നത്. പത്തു മണിക്കൂർ തുടർച്ചയായി പ്രവർത്തിപ്പിക്കാം. വെള്ളത്തിലും കരയിലും സഞ്ചരിക്കും. തോടുവെട്ടാനും വരമ്പ് ഉണ്ടാക്കാനും പായലും കളകളും നീക്കാനും ഉപയോഗിക്കാം. കോൾപ്പാടത്ത് ചാൽ കീറാനാണ് ഡ്രഡ്ജ് ക്രാഫ്റ്റ് ഉപയോഗിക്കുക. മണിക്കൂറിൽ ആറ് നോട്ടിക്കൽ മൈലാണ് വേഗത.
കുട്ടനാടും പാലക്കാടും കഴിഞ്ഞാൽ ഏറ്റവുമധികം നെല്ല് ഉൽപ്പാദിപ്പിക്കുന്ന പ്രദേശമാണ് പൊന്നാനി കോൾ മേഖല. ഏകദേശം 13,632 ഹെക്ടർ സ്ഥലത്താണ് നെൽകൃഷി. സമുദ്രനിരപ്പിൽനിന്ന് താഴെയുള്ള പ്രദേശമാണ് പൊന്നാനി കോൾ മേഖല. മഴക്കാലത്തിനുശേഷം വെള്ളം പമ്പു ചെയ്ത് കളഞ്ഞാണ് കൃഷിയിറക്കുന്നത്. സർവേയർ അനുമതി നൽകാത്തതിനാൽ ഡ്രഡ്ജ് ക്രാഫ്റ്റ് വെള്ളത്തിലിറക്കാനായിട്ടില്ല.