സിഡ്നി
കിരീടപ്രതീക്ഷയുമായെത്തിയ ഫ്രാൻസിന് വനിതാ ഫുട്ബോൾ ലോകകപ്പ് ആദ്യ കളിയിൽ നിരാശ. ജമൈക്ക ഗോളടിക്കാതെ പിടിച്ചുകെട്ടുകയായിരുന്നു. മറ്റൊരു കളിയിൽ നെതർലൻഡ്സ് പോർച്ചുഗലിനെ ഒരു ഗോളിന് തോൽപ്പിച്ചു. സ്വീഡൻ ദക്ഷിണാഫ്രിക്കയ 2–-1ന് മറികടന്നു.
ഹെർവി റെനാർദ് പരിശീലിപ്പിച്ച ഫ്രാൻസ് ജമൈക്കയുടെ പ്രതിരോധക്കളിക്കുമുന്നിൽ വശംകെട്ടു. അവസാന നിമിഷം ക്യാപ്റ്റൻ ഖദീജ ഷോ ചുവപ്പുകാർഡ് കണ്ട് പുറത്തായെങ്കിലും ജമൈക്കയുടേത് അച്ചടക്കമുള്ള കളിയായിരുന്നു. ലോകകപ്പ് ചരിത്രത്തിലാദ്യമായി ഒരു പോയിന്റ് നേടാനും ജമൈക്കയ്ക്ക് കഴിഞ്ഞു.
സിഡ്നിയിൽ കനത്ത മഴയിലായിരുന്നു കളി. ഫ്രാൻസിന്റെ ആക്രമണത്തെ അച്ചടക്കമുള്ള പ്രതിരോധംകൊണ്ട് ജമൈക്ക തടഞ്ഞു. ആദ്യ പകുതിയുടെ അവസാനഘട്ടത്തിൽ കാദിദിയാതു ഡിയാനിയുടെ ഷോട്ട് ജമൈക്കൻ ഗോൾ കീപ്പർ റെബേക്ക സ്പെൻസെർ തടഞ്ഞു. രണ്ടാംപകുതിയിൽ രണ്ടുതവണ ഡിയാനി ഗോളിന് അരികെയെത്തി. പിന്നാലെ ഒരു ഷോട്ട് ക്രോസ് ബാറിൽ തട്ടിത്തെറിക്കുകയും ചെയ്തു.
പുരുഷ ലോകകപ്പിൽ സൗദി അറേബ്യയെ പരിശീലിപ്പിച്ച പരിശീലകനാണ് റെനാർദ്. ആദ്യകളിയിൽ അർജന്റീനയെ തോൽപ്പിച്ചാണ് അന്ന് സൗദി ചരിത്രമെഴുതിയത്.
ഗ്രൂപ്പ് എഫിൽ ബ്രസീലും പാനമയുമാണ് മറ്റു ടീമുകൾ. 29ന് ബ്രസീലുമായാണ് ഫ്രാൻസിന്റെ അടുത്ത കളി. ഗ്രൂപ്പ് ഇയിൽ കന്നിക്കാരായ പോർച്ചുഗലിനെതിരെ സ്റ്റെഫാനി വാൻ ഡെർ ഗ്രാഗ്റ്റ് നേടിയ ഗോളിലാണ് നെതർലൻഡ്സ് ജയം സ്വന്തമാക്കിയത്. ഗ്രൂപ്പ് ജിയിൽ ദക്ഷിണാഫ്രിക്കയോട് ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു സ്വീഡന്റെ തിരിച്ചുവരവ്. രണ്ടാംപകുതിയുടെ തുടക്കത്തിൽ ഹിദാ മഗായിയ ദക്ഷിണാഫ്രിക്കയെ മുന്നിലെത്തിച്ചു. ഫ്രിഡോളിന റോൾഫോ സ്വീഡനായി ഒരെണ്ണം തിരിച്ചടിച്ചു. കളിയുടെ അവസാന നിമിഷം അമാൻഡ ഇല്ലെസ്റ്റെറ്റാണ് വിജയഗോൾ നേടിയത്.
ഇന്ന് കരുത്തരായ ബ്രസീൽ പാനമയെ നേരിടും. മറ്റു മത്സരങ്ങളിൽ അർജന്റീന ഇറ്റലിയെയും ജർമനി മൊറോക്കോയെയും എതിരിടും.