കൊച്ചി
ഏക സിവിൽകോഡ് നടപ്പാക്കുന്നതിനുപിന്നിൽ വർഗീയധ്രുവീകരണമെന്ന ലക്ഷ്യംമാത്രമാണ് ബിജെപിക്കുള്ളതെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു. ഭരണഘടനാ അസംബ്ലിയിൽ ഏക സിവിൽകോഡിനെക്കുറിച്ച് ചർച്ച നടന്നശേഷം ഇത് നിർബന്ധമല്ലെന്ന് ഡോ. ബി ആർ അംബേദ്കർ കൃത്യമായി പറഞ്ഞിരുന്നു.
മാത്രമല്ല, ഹിന്ദുനിയമങ്ങളെ ഏകീകരിക്കുന്ന ഹിന്ദു കോഡ് ബിൽ അദ്ദേഹം അവതരിപ്പിച്ചപ്പോൾ നഖശിഖാന്തം എതിർത്തവരാണ് ഇപ്പോൾ രാജ്യത്ത് എല്ലാവർക്കും ഒരേനിയമം വേണമെന്ന് പറയുന്നത്. മനുസ്മൃതിയെ അനുകൂലിക്കുന്ന സംഘപരിവാറിന് അത്തരത്തിൽ ചിന്തിക്കാനേ കഴിയില്ല. ഇന്ത്യയിലെ ജനങ്ങളെ വിഭജിച്ചു ഭരിക്കുകയെന്ന തന്ത്രമാണ് ബിജെപി നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.