ന്യൂഡൽഹി
മണിപ്പുർ ഇംഫാൽ ഈസ്റ്റിൽ രണ്ട് കുക്കി പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന്റെ വിശദവിവരങ്ങൾ പുറത്ത്. കാങ്പോക്പിയിൽ കുക്കി വനിതകളെ നഗ്നരാക്കി തെരുവിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത മെയ് ആറിന് തന്നെയാണ് ഈ കൊടുംക്രൂരതയും അരങ്ങേറിയത്. മെയ് 16ന് കേസെടുത്തെങ്കിലും ഇതുവരെ ഒരാളെയും പൊലീസ് പിടികൂടിയിട്ടില്ല. ഇംഫാൽ ജവാഹർലാൽ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ കൂട്ടിയിട്ടിരിക്കുന്ന മൃതദേഹങ്ങൾക്കൊപ്പമാണ് ഈ യുവതികളുടെ ശരീരങ്ങളും. കുക്കി വംശജർക്ക് ഇംഫാൽ താഴ്വര അരക്ഷിതമായി തുടരുന്നതിനാൽ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾക്ക് എത്താനാകുന്നില്ല.
കാർ വാഷിങ് സെന്ററിൽ ജോലി ചെയ്തിരുന്ന 21ഉം 24ഉം വയസ്സുള്ള പെൺകുട്ടികളെയാണ് ക്രൂരപീഡനങ്ങൾക്ക് വിധേയരാക്കി കൊലപ്പെടുത്തിയത്. സഹപ്രവർത്തകരെ ഭീഷണിപ്പെടുത്തി താമസസ്ഥലം ചോദിച്ചറിഞ്ഞു. വായിൽ തുണിതിരുകി രണ്ടുപേരെയും പിടിച്ചുകൊണ്ടുപോയതായി ദൃക്സാക്ഷികൾ പറഞ്ഞു. ഇവരെ ബലാത്സംഗം ചെയ്യാൻ അക്രമിസംഘത്തിൽ ഉണ്ടായിരുന്ന സ്ത്രീകൾ കൂട്ടാളികളായ പുരുഷന്മാരെ പ്രോത്സാഹിപ്പിച്ചതായും ദൃക്സാക്ഷികൾ പറയുന്നു. ഒരു ഹാളിൽ എത്തിച്ചശേഷം ഒന്നര മണിക്കൂറോളം അതിക്രമങ്ങൾക്ക് ഇരയാക്കി. മുടി മുറിച്ചെടുത്തശേഷം മൃതദേഹങ്ങൾ സമീപത്തെ തടിമില്ലിൽ തള്ളി.
ഇരുപത്തൊന്നുകാരിയുടെ അമ്മ സ്വന്തം നാടായ കാങ്പോക്പിയിലെ സൈകുൾ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്ന് മെയ് 16ന് സീറോ എഫ്ഐആർ എടുത്തു. അതത് പൊലീസ് സ്റ്റേഷനുകളുടെ പരിധിക്കുപുറത്ത് നടക്കുന്ന കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്യുന്നതാണ് സീറോ എഫ്ഐആർ. ജൂൺ 13നാണ് ഈ എഫ്ഐആർ ഇംഫാൽ ഈസ്റ്റിലേക്ക് മാറ്റിയത്.
100നും 200നും ഇടയിൽ അംഗബലമുള്ള സംഘമാണ് പെൺകുട്ടികളെ ആക്രമിച്ചതെന്ന് എഫ്ഐആറിൽ പറയുന്നു. പെൺകുട്ടികളെ തിരിച്ചറിയാനായി മൃതദേഹങ്ങളുടെ ഫോട്ടോ ബന്ധുക്കൾക്ക് പൊലീസ് അയച്ചുകൊടുത്തിരുന്നു. എന്നാൽ, രണ്ടു മാസത്തിനുശേഷവും പ്രതികൾ സ്വൈരവിഹാരം നടത്തുകയാണ്. സംഭവത്തെക്കുറിച്ച് പൊലീസോ സർക്കാരോ പ്രതികരിക്കുന്നില്ല. മെയ് ആറിന് ഇംഫാൽ ഈസ്റ്റിൽ നാൽപ്പത്തഞ്ചുകാരിയെ നഗ്നയാക്കി തീകൊളുത്തി കൊന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. ഇവരുടെ മൃതദേഹം കണ്ടെടുത്തു.
ഇംഫാലിൽ സംഘർഷം
ഇംഫാലിൽ ശനിയാഴ്ച സ്ത്രീകളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും സംഘര്‍ഷത്തില്‍ കലാശിച്ചു. ഘരി മേഖലയില്‍ ടയറുകള്‍ കൂട്ടത്തോടെ കത്തിച്ചു. നൂറുകണക്കിന് സ്ത്രീകള്‍ പങ്കെടുത്തു. പൊലീസും സുരക്ഷാസേനയും കണ്ണീര്‍വാതക പ്രയോഗം നടത്തി.