തൃക്കാക്കര
തൃക്കാക്കര നഗരസഭയിൽ ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് 29നും വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ് ആഗസ്ത് നാലിനും നടക്കാനിരിക്കെ കോൺഗ്രസിലും മുസ്ലിംലീഗിലും ഗ്രൂപ്പ് പോര് മുറുകുന്നു. കോൺഗ്രസിലെയും ലീഗിലെയും ഗ്രൂപ്പ് പോര് അവസാനിപ്പിക്കാൻ ചേർന്ന യുഡിഎഫ് പാർലമെന്ററി യോഗത്തിൽനിന്ന് ഒമ്പത് കൗൺസിലർമാർ വിട്ടുനിന്നു. എങ്ങനെയും ഭരണം നിലനിർത്താൻ സംസ്ഥാന നേതൃത്വം ഇടപെടും എന്നാണ് വിവരം.
തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം ഉണ്ടാക്കിയ ധാരണപ്രകാരം എ ഗ്രൂപ്പിലെ രാധാമണി പിള്ളയെ ചെയർപേഴ്സണാക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചതോടെയാണ് പാർടിയിലെ പോര് മറനീക്കി പുറത്തുവന്നത്. കോൺഗ്രസിലെ ഒരുവിഭാഗം കൗൺസിലർമാരും യുഡിഎഫിനെ പിന്തുണക്കുന്ന സ്വതന്ത്രരും രാധാമണിയോട് എതിർപ്പ് തുടരുകയാണ്. സോമി റെജിക്കുകൂടി അധ്യക്ഷസ്ഥാനം പങ്കുവയ്ക്കണമെന്ന് ചില കോൺഗ്രസ് കൗൺസിലർമാർ ആവശ്യപ്പെടുന്നുണ്ട്.
വൈസ് ചെയർമാൻ എ എ ഇബ്രാഹിംകുട്ടിക്കെതിരെ എൽഡിഎഫ് പിന്തുണയോടെ സ്വതന്ത്ര അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ലീഗിലെ മൂന്ന് കൗൺസിലർമാർ അനുകൂലിച്ചതിനെത്തുടർന്ന് അതിലും ഭിന്നിപ്പ് തുടരുകയാണ്. പി എം യൂനുസാണ് യുഡിഎഫിന്റെ വൈസ് ചെയർമാൻ സ്ഥാനാർഥി. ഇബ്രാഹിംകുട്ടിയുടെ തീരുമാനം നിർണായകമാകും.
തിങ്കളാഴ്ച ചേരുന്ന കൗൺസിൽ യോഗത്തിനുമുന്നോടിയായാണ് യുഡിഎഫ് പാർലമെന്ററി പാർടി യോഗം വിളിച്ചത്. കോൺഗ്രസിലെ മുൻ ചെയർപേഴ്സൺ അജിത തങ്കപ്പൻ, പൊതുമരാമത്ത് അധ്യക്ഷ സോമി റെജി, ക്ഷേമ സമിതി അധ്യക്ഷ സുനീറ ഫിറോസ്, ആരോഗ്യസമിതി അധ്യക്ഷൻ ഉണ്ണി കാക്കനാട്, കൗൺസിലർമാരായ എം ഒ വർഗീസ്, ഷാജി വാഴക്കാല, രജനി ജീജൻ എന്നിവരും ലീഗിലെ എ എ ഇബ്രാഹിംകുട്ടി, സജീന അക്ബർ എന്നിവരുമാണ് വിട്ടുനിന്നത്. 21 കൗൺസിലർമാരാണ് യുഡിഎഫിന് ഉള്ളത്.