കൊച്ചി
ന്യൂനപക്ഷവിഭാഗങ്ങളിലെ സ്ത്രീകളുടെ സാമൂഹികോന്നമനത്തിനാണെന്ന് തെറ്റിദ്ധരിപ്പിച്ച് മനുസ്മൃതി ഒളിച്ചുകടത്താനാണ് ഏക സിവിൽകോഡിലൂടെ ബിജെപി ലക്ഷ്യമിടുന്നതെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വെെസ് പ്രസിഡന്റ് പി കെ സെെനബ.
നിലവിൽ രാജ്യത്തെ സ്ത്രീകൾ നേരിടുന്ന വിവേചനങ്ങൾ ഇല്ലാതാക്കാൻ കേന്ദ്രസർക്കാരിന് കഴിഞ്ഞിട്ടില്ല.
അത്തരം പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവരുമ്പോൾ പ്രധാനമന്ത്രിക്ക് ഉത്തരമില്ല. അതിനു കഴിയാതെ മുസ്ലിംവിഭാഗത്തിലെമാത്രം സ്ത്രീകളുടെ പ്രശ്നങ്ങൾ ഏക സിവിൽകോഡുവഴി ഉടൻ പരിഹരിക്കുമെന്ന് പറയുന്നതിൽ അർഥമില്ല. സാമൂഹികപരിഷ്കരണത്തിനോ സ്ത്രീകൾക്ക് തുല്യനീതിയും പരിരക്ഷയും ഉറപ്പാക്കുന്നവിധത്തിൽ വ്യക്തിനിയമങ്ങളിലെ പോരായ്മകൾ പരിഹരിക്കുന്നതിനോ കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാണ്.
പൊതുതെരഞ്ഞെടുപ്പ് അടുക്കുമ്പോൾ രാജ്യത്ത് നടക്കുന്ന പ്രശ്നങ്ങൾ മറച്ചുപിടിക്കാനാണ് ഇത്തരമൊരു നീക്കം ബിജെപി നടത്തുന്നതെന്നും പി കെ സെെനബ പറഞ്ഞു.