തിരുവനന്തപുരം> കേരളത്തിന്റെ നിലവിലെ ജിഎസ്ടി വരുമാന വളർച്ച നിരക്കിൽ പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. നില തുടർന്നാൽ കേരളം ധനദൃഢീകരണ പാതയിൽ മടങ്ങിയെത്തും. കേരളത്തിന്റെ ധനസ്ഥിതി സെമിനാറിൽ ആമുഖപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞവർഷം ജിഎസ്ടിയിൽ 22 ശതമാനം വളർച്ച നിരക്ക് രേഖപ്പെടുത്തി. ഇതേസ്ഥിതി ഈ വർഷവും തുടരുന്നത് ആശ്വാസകരമാണ്.
പൂർണതോതിൽ പ്രാവർത്തികമാകുന്ന ഇ–-വേ ബില്ലും ജിഎസ്ടിഎൻ നെറ്റുവർക്കും സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ പുനഃസംഘടനയും പ്രതീക്ഷിക്കുന്ന വരുമാനം ഉറപ്പാക്കിയാൽ 2006–-13ൽ സാധ്യമാക്കിയ 23 ശതമാനം വരുമാന വളർച്ച തുടർന്നും സാധ്യമാക്കാനാകും.
ഇതിന്റെ സാമ്പത്തിക ദൃഢീകരണം സാധ്യമാക്കും. കേന്ദ്ര ധനകമീഷൻ പരിഗണനകളിലെങ്ങും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ബജറ്റിനുപുറത്തുള്ള വായ്പകൾ അതത് സർക്കാരിന്റെ പൊതുകടമെടുപ്പിന്റെ ഭാഗമാക്കുന്നില്ല. കേന്ദ്ര സർക്കാരും വിവിധ കേന്ദ്ര ഏജൻസികളും വകുപ്പുകളും വലിയതോതിൽ ബജറ്റിനുപുറത്ത് ധനസമാഹരണം നടത്തുന്നു.
ഇതിനെ സർക്കാരിന്റെ കടമെടുപ്പുമായി ബന്ധിപ്പിക്കുന്നില്ല. എന്നാൽ, കിഫ്ബി എടുക്കുന്ന കടം മുൻകാല പ്രാബല്യത്തിൽ കേരളത്തിന്റെ പൊതുകടമെടുപ്പ് അവകാശത്തിന്റെ ഭാഗമാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും തോമസ് ഐസക് പറഞ്ഞു.