തിരുവനന്തപുരം
അഞ്ചാമത് അന്താരാഷ്ട്ര കേരള പഠന കോൺഗ്രസിന്റെ മുന്നോടിയായി ‘കേരളത്തിന്റെ ധനസ്ഥിതി’ വിശകലനം ചെയ്യുന്ന സെമിനാറിന് ഇ എം എസ് അക്കാദമിയിൽ തുടക്കം. പ്രമുഖ സാമ്പത്തിക, അക്കാദമിക പണ്ഡിതരാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. കാട്ടായിക്കോണം വി ശ്രീധർ പഠനഗവേഷണ കേന്ദ്രവും എ കെ ജി പഠനഗവേഷണ കേന്ദ്രവും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ചർച്ചയിൽ സംസ്ഥാനത്തിന്റെ ധനസ്ഥിതിയും കേന്ദ്ര–- സംസ്ഥാന ബന്ധങ്ങളും ആഴത്തിൽ പരിശോധിക്കപ്പെടും. ജിഎസ്ടി വരുമാനത്തിലെ കുറഞ്ഞ വളർച്ച നിരക്കാണ് 2024ൽ നടക്കുന്ന അഞ്ചാമത് കേരള പഠന കോൺഗ്രസിന്റ മുഖ്യപരിഗണനാ വിഷയത്തിലൊന്ന്. ഇതിനെ സാധൂകരിക്കുന്ന ചർച്ചയാണ് പുരോഗമിക്കുന്നത്. ഇ–-വേ ബിൽ, ഐടി സംവിധാനത്തിന്റെ കരുത്തില്ലായ്മ, ജിഎസ്ടി നിരക്ക് വെട്ടിക്കുറയ്ക്കൽ തുടങ്ങിയവ സംസ്ഥാനത്തിന്റെ വരുമാന വളർച്ചയ്ക്ക് തടയിട്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ വി കെ രാമചന്ദ്രൻ സെമിനാർ ഉദ്ഘാടനംചെയ്തു. പഠന കോൺഗ്രസിന്റെ അക്കാദമിക സമിതി ചെയർമാൻ എസ് രാമചന്ദ്രൻ പിള്ള അധ്യക്ഷനായി. സെക്രട്ടറി ഡോ. ടി എം തോമസ് ഐസക്, ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സ് ഡയറക്ടർ പ്രൊഫ. പുളിൻ നായക്, ആർ മോഹൻ, എൻ അനിത കുമാരി എന്നിവർ സംസാരിച്ചു. കേന്ദ്ര-–- സംസ്ഥാന ബന്ധങ്ങളിലെ സമകാലീന പ്രശ്നം സിമ്പോസിയത്തിൽ വിദഗ്ധർ നിരീക്ഷണങ്ങൾ അവതരിപ്പിച്ചു. വിവിധ വിഷയത്തിൽ സമാന്തര സമ്മേളനവും വിദഗ്ധരുമായുള്ള സംവാദവും നടന്നു.
ഞായറാഴ്ച സമാപന ചടങ്ങിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ, കെ എം ചന്ദ്രശേഖർ തുടങ്ങിയവർ പങ്കെടുക്കും.