ജയ്പുർ> രാജസ്ഥാനിൽ സ്വന്തം സർക്കാരിനെ വിമർശിച്ച മന്ത്രിയെ മുഖ്യമന്ത്രി അശോക് ഗെലോട്ട് പുറത്താക്കി. പഞ്ചായത്തിരാജ്, ഗ്രാമവികസന മന്ത്രി രാജേന്ദ്ര ഗുദയെയാണ് പുറത്താക്കിയത്.
വെള്ളിയാഴ്ച നിയമസഭയിൽ മണിപ്പുർ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സംസാരിക്കുമ്പോഴായിരുന്നു രാജേന്ദ്ര ഗുദയുടെ വിമർശനം. ‘‘രാജസ്ഥാനിൽ സ്ത്രീകൾക്കെതിരായ അതിക്രമക്കേസുകൾ വർധിക്കുകയാണ്. മണിപ്പുരിനെപ്പറ്റി ചർച്ച ചെയ്യുന്നതിനുപകരം, നമ്മളാദ്യം സ്വന്തം ചുറ്റുപാടിലേക്കു നോക്കണം. രാജസ്ഥാനിൽ സ്ത്രീകൾക്കു സുരക്ഷയൊരുക്കുന്നതിൽ നമ്മൾ പരാജയപ്പെട്ടു. സ്ത്രീകൾക്കുനേരെയുള്ള അക്രമങ്ങൾ വർധിച്ചു. ഇതേപ്പറ്റി ആത്മപരിശോധന നടത്തണം’’ എന്നാണു രാജേന്ദ്ര ഗുദ പറഞ്ഞത്.
പ്രസ്താവന വിവാദമായതോടെ മന്ത്രിയെ പുറത്താക്കാൻ ഗെലോട്ട് തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഗവർണർ കൽരാജ് മിശ്രയ്ക്ക് കത്തുനൽകി. മുഖ്യമന്ത്രിയുടെ നിർദേശം അംഗീകരിച്ച് മന്ത്രിയെ പുറത്താക്കുന്നതായി രാജ്ഭവൻ അറിയിച്ചു.