കോഴിക്കോട്> കൊടകര കുഴൽപ്പണക്കേസിലെ പരാതിക്കാരൻ എ കെ ധർമരാജനിൽനിന്ന് കുടുംബസഹായഫണ്ടിലേക്ക് സംഭാവന വാങ്ങിയതിൽ പ്രതിഷേധവുമായി സമാന്തര പിരിവ്. യുവമോർച്ച മുൻ കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ കെ രാജനായി ബിജെപി ജില്ലാനേതൃത്വമാണ് സമാന്തര ഫണ്ട് സമാഹരിച്ചത്.
മൂന്നുലക്ഷം രൂപയാണ് ഇവർ കൈമാറിയത്. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ കുടുംബസഹായഫണ്ടിനായി ധർമരാജനിൽ നിന്നടക്കം സംഭാവന പറ്റിയിരുന്നു. തുടർന്ന് ഇത് ബഹിഷ്കരിച്ചാണ് ജില്ലാ പ്രസിഡന്റ് വി കെ സജീവന്റെ നേതൃത്വത്തിൽ ബദൽ ഫണ്ട് ശേഖരിച്ചത്. മുൻ സംസ്ഥാന പ്രസിഡന്റുമാരായ കുമ്മനം രാജശേഖരനും പി കെ കൃഷ്ണദാസും ചേർന്ന് ജില്ലാകമ്മിറ്റിയുടെ ഫണ്ട് രാജന്റെ വീട്ടിലെത്തി കുടുംബത്തിന് കൈമാറി.
സംസ്ഥാന–ജില്ലാ നേതൃത്വങ്ങൾ രണ്ടുവിധത്തിൽ പണം സമാഹരിച്ചതോടെ ഫണ്ടിന്റെ പേരിൽ ഗ്രൂപ്പിസം ശക്തമായി. സുരേന്ദ്രൻ–-വി മുരളീധരൻ പക്ഷത്തിന്റെ അഴിമതിക്ക് ഉദാഹരണമായി പി കെ കൃഷ്ണദാസ് വിഭാഗം പ്രശ്നം ഉയർത്തിക്കൊണ്ടുവന്നിട്ടുണ്ട്. കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവ്ദേക്കർക്കടക്കം പരാതിയും അയച്ചു. കളങ്കിതരുടെ പണംപറ്റി പാർടിയെ അപമാനിക്കുന്നുവെന്നാണ് പരാതി.