‘ബിജെപി ആഗ്രഹിക്കുന്നതുപോലെ വിഭജിച്ച് ഭരിക്കുക എന്ന തന്ത്രം മണിപ്പൂരില് കൃത്യമായി നടപ്പാക്കികൊണ്ടിരിക്കുകയാണെന്ന് രണ്ടുതവണ മണിപ്പുരിലെ കലാപമേഖല സന്ദർശിച്ച എക്ലേസിയ യുണൈറ്റഡ് ഫോറം പ്രസിഡന്റ് ഫാ. ജോൺസൺ തെക്കടയിൽ പറയുന്നു. മണിപ്പുരിൽ ഇപ്പോൾ സർക്കാരുണ്ടെന്ന് പറയാനാവില്ല. നാഗാകളും കുക്കികളും മെയ്ത്തീകളും പ്രത്യേകം ഭരണം നടത്തുകയാണ്. വസ്തുതാന്വേഷണത്തിന്റെ ഭാഗമായി നടത്തിയ യാത്രയില് അതി ദാരുണമായ യാഥാര്ഥ്യങ്ങളാണ് ബോധ്യപ്പെട്ടതെന്നും അദ്ദേഹം പറയുന്നു. അഭിമുഖത്തില് നിന്ന്:-
എല്ലാം ആസൂത്രിതം
മെയ്ത്തീ കലാപകാരികള് ആദ്യം ലക്ഷ്യമിട്ടത് കുക്കികളെ ആയിരുന്നില്ല. മുസ്ലിങ്ങളെയായിരുന്നു ലക്ഷ്യം. ജനസംഖ്യയുടെ ഏഴോ എട്ടോ ശതമാനം വരുന്നവരാണിത്. ആദ്യം മുസ്ലിങ്ങൾ, അതു കഴിഞ്ഞ് കുക്കികൾ, നാഗാ വിഭാഗക്കാർ. ആയുധങ്ങൾ സംഭരിക്കുകയും പരിശീലനം പൂർത്തിയാക്കുകയുംചെയ്തിരുന്നു. കലാപകാരികൾക്ക് എല്ലാവിധ പിന്തുണയും നൽകാൻ പൊലീസിനും നിർദേശം നൽകിയിരുന്നു. പൊലീസുകാരാണ് ആയുധങ്ങൾ നൽകിയതെന്നാണ് വിവരം.ജൂൺ എട്ടിന് കലാപം തുടങ്ങാന് ലക്ഷ്യമിട്ടായിരുന്നു ആസൂത്രണം.എന്നാല് മെയ് മൂന്നിന് സംഘര്ഷം പൊട്ടിപ്പുറപ്പെട്ടു.
യൂണിഫോം പൊലീസിന്റേത്
അയ്യായിരം കലാപകാരികൾ ഒറ്റ ദിവസംകൊണ്ടാണ് പൊലീസ് യൂണിഫോം ധരിച്ചത്. പൊലീസിനെയും കലാപകാരികളെയും പ്രത്യേകം തിരിച്ചറിയാൻ ജനങ്ങൾക്ക് സാധിക്കുമായിരുന്നില്ല. ഇംഫാലിൽ ഒരു പ്രദേശത്ത് എത്തിയ കമാൻഡോകളെ ജനങ്ങൾ തടഞ്ഞു. യഥാർഥ കമാൻഡോകളാണ് എന്ന് കലക്ടർ അറിയിച്ചപ്പോഴാണ് ജനങ്ങൾ പിന്മാറിയത്. അസം റൈഫിൾസ് ഏതുവഴി വന്നാലും അവരെ മെയ്ത്തി സ്ത്രീകൾ വലിയ പൈപ്പുകൾ റോഡിനു കുറുകെയിട്ട് തടയും. പുരുഷന്മാർ വണ്ടിയിൽ കയറി കുക്കികൾ ഉണ്ടോയെന്ന് പരിശോധിക്കും. സ്ത്രീകളുടെ കൈയിൽ വയർലെസ് സെറ്റൊക്കെയുണ്ടാകും. ഇവർ സംഭാവനകൾ ശേഖരിച്ച് ആയുധങ്ങൾ വാങ്ങും. മെയ്ത്തീ കുടുംബത്തിൽനിന്ന് ഒരു സ്ത്രീ സമരത്തിൽ പങ്കെടുത്തില്ലെങ്കിൽ 500 രൂപ പിഴയടക്കണം. പങ്കെടുത്താൽ തൊഴിലുറപ്പുകൂലി കിട്ടും. ജനങ്ങൾ സമാധാനപ്രിയരാണെങ്കിലും ആളുകൾ കലാപത്തിനിറങ്ങുന്നത് ഇങ്ങനെയാണ്.
സംഘപരിവാർ പിന്തുണ
അരമ്പായി തെങ്കോൾ, മേത്ത്ലിപ്പുൺ എന്നീ രണ്ട് ഗ്രൂപ്പുകൾക്കാണ് കലാപത്തിന്റെ നേതൃത്വം. മുഖ്യമന്ത്രി എൻ ബിരേൻസിങ്ങാണ് അരമ്പായി തെങ്കോല് ഗ്രൂപ്പിന്റെ ആസൂത്രകൻ എന്നാണ് ആരോപണം. അയ്യായിരം പേർ ഉൾക്കൊള്ളുന്ന സായുധസംഘമാണിത്. സംഘപരിവാർ പൂർണമായും പിന്തുണയ്ക്കുന്ന ഗ്രൂപ്പാണ് മേത്ത്ലിപ്പുൺ. ഗുജറാത്തിൽ എബിവിപി നേതാവായിരുന്നയാൾക്കാണ് നേതൃത്വം.
ക്രൂരം; പൈശാചികം
വന്ന വാർത്തകൾക്കുപരിയാണ് സ്ഥിതി. ഇന്റർനെറ്റ് ഒഴിവാക്കിയത് ബോധപൂർവമാണ്. ഒരു യുവാവിന്റെ തല വെട്ടിയെടുത്ത് വേലിയിൽ കൊണ്ടുവച്ചു. ആൾക്കൂട്ടം ബലാത്സംഗംചെയ്ത് കൊന്ന രണ്ട് സഹോദരിമാരുടെ മൃതദേഹം ലംക മെഡിക്കൽ കോളേജിൽ കാണാനിടയായി. നഗ്നരാക്കി സ്തനങ്ങൾ കടിച്ചുപറിച്ച്, അവയവങ്ങൾ ഛേദിച്ചായിരുന്നു കൊടുംക്രൂരതയെന്നാണ് അവിടുത്തെ കുക്കി വനിതാ സംഘടനയുടെ പ്രസിഡന്റ് പറഞ്ഞത്. ഒരു നാഗാ സ്ത്രീയെ കൊലപ്പെടുത്തിയത് വിരലുകളും കാൽപ്പാദവും അറുത്തുമാറ്റി മുഖം വികൃതമാക്കിയാണ്. കൊന്നവരുടെ വീട് നാഗാ വിഭാഗക്കാർ പിന്നീട് കത്തിച്ചു.112 മൃതദേഹങ്ങൾ സംസ്കരിക്കാതെ ദുർഗന്ധം വമിച്ച് കണ്ടു.















