കൊച്ചി
മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ആറാംതവണ തേടിയെത്തിയപ്പോൾ ‘ബസൂക്ക’യുടെ ഷൂട്ടിങ്ങിലായിരുന്നു മഹാനടൻ. പുരസ്കാര വാർത്തയറിഞ്ഞ ഉടൻ ഷൂട്ടിങ് ലൊക്കേഷനായ നെടുമ്പാശേരി സിയാൽ ഗോൾഫ് ക്ലബ്ബിൽ കരഘോഷമുയർന്നു. അമിതാഹ്ലാദമില്ലാതെ മമ്മൂട്ടിയും അവർക്കൊപ്പം കൂടി. സംവിധായകൻ ഡീനോ ഡെന്നീസും നടൻ സോഹൻ സീനുലാലും ഒപ്പമുണ്ടായിരുന്നു. പിന്നീട് ഷൂട്ടിങ് പൂർത്തിയാക്കി എളംകുളത്തെ വീട്ടിലേക്ക് മടങ്ങി. അവാർഡ് നേടിത്തന്ന ‘നൻപകൽ നേരത്ത് മയക്കം’ സിനിമയുടെ സംവിധായകൻ ലിജോ ജോസ് പെല്ലിശേരി അഭിനന്ദവുമായി അവിടെ എത്തി.
മമ്മൂട്ടിക്ക് ഇത് ആറാമത് സംസ്ഥാന പുരസ്കാരം
‘നൻ പകൽ നേരത്ത് മയക്ക’ത്തിലൂടെ മലയാളിയുടെ പ്രിയനടൻ മമ്മൂട്ടി നേടുന്നത് ആറാമത് സംസ്ഥാന ചലച്ചിത്രപുരസ്കാരം. 1984ൽ അടിയൊഴുക്കുകളിലെ അഭിനയത്തിനാണ് ആദ്യമായി മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടുന്നത്. 1989ൽ ഒരുവടക്കൻ വീരഗാഥ, മൃഗയ, മഹായാനം എന്നീ ചിത്രങ്ങളിലൂടെ രണ്ടാമതും 1993ൽ വിധേയൻ, പൊന്തൻമാട, വാത്സല്യം എന്നീ ചിത്രങ്ങളിലൂടെ മൂന്നാമതും പുരസ്കാരം നേടി. ‘കാഴ്ച’യിലൂടെ 2004ൽ നാലാമതും പാലേരി മാണിക്യത്തിലൂടെ (2009) അഞ്ചാമതും മികച്ച നടനായി. 13 വർഷത്തിനുശേഷം വീണ്ടും പുരസ്കാരം.
അഞ്ചു നടന്മാരാണ് മികച്ച നടനുള്ള പ്രാഥമിക പട്ടികയിലുണ്ടായിരുന്നത്. അവസാന വട്ടത്തിൽ മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും തമ്മിലായിരുന്നു മത്സരം. ന്നാ താൻ കേസ് കൊട് ചിത്രത്തിലെ കൊഴുമ്മൽ രാജീവൻ എന്ന കഥാപാത്രത്തിലൂടെ കുഞ്ചാക്കോ ബോബൻ മികച്ചപ്രകടനം നടത്തിയിരുന്നു. ജയിംസ്, സുന്ദരം എന്നീ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കാൻ മമ്മൂട്ടിക്ക് കഴിഞ്ഞതായി ജൂറി വിലയിരുത്തി. മമ്മൂട്ടിയുടെ തന്നെ പുഴു, റോഷാക്ക് എന്നീ ചിത്രങ്ങളും മത്സരത്തിനുണ്ടായിരുന്നു. അത് പരിഗണിക്കാതെതന്നെ ‘നൻ പകൽ നേരത്ത് മയക്ക’ത്തിലെ പ്രകടനംകൊണ്ട് മികച്ച നടനാകാൻ മമ്മൂട്ടിക്ക് കഴിഞ്ഞു.















