കൊച്ചി
അവാർഡുകളും സിനിമകളും സ്വപ്നത്തിൽപ്പോലും ഇല്ലാതിരുന്ന വ്യക്തിയായിരുന്നു താനെന്ന് നടൻ കുഞ്ചാക്കോ ബോബൻ. എന്നാൽ, ഇപ്പോൾ സ്വപ്നങ്ങളിൽ സിനിമ മാത്രമാണുള്ളതെന്നും കടവന്ത്ര ജവഹർ നഗറിലെ ഫ്ലാറ്റിൽ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മമ്മൂക്കയുടെ പേരിനോട് ചേർന്നുതന്നെ തന്റെ പേരു വന്നത് അവാർഡ് കിട്ടിയതിനുതുല്യമാണ്. മലയാളത്തിൽ കലാമൂല്യമുള്ള നിരവധി സിനിമകളുണ്ടായ വർഷമായിരുന്നു. അതിനൊപ്പം തന്റെ സിനിമയും കഥാപാത്രങ്ങളും അംഗീകരിക്കപ്പെടുന്നതിൽ സന്തോഷവും അഭിമാനവുമുണ്ട്. ചില വിവാദങ്ങളുണ്ടായെങ്കിലും യാഥാർഥ്യം മനസ്സിലാക്കിയാണ് പ്രേക്ഷകസമൂഹം സിനിമ സ്വീകരിച്ചത്. സാമൂഹ്യ–-രാഷ്ട്രീയ കാഴ്ചപ്പാടുകളിലും ചർച്ചയായി. നിരവധി അവാർഡുകൾ ചിത്രത്തിന് ലഭിച്ചതിൽ സഹനിർമാതാവ് എന്നനിലയിൽ സന്തോഷവുമുണ്ടെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.















