ന്യൂഡൽഹി
മണിപ്പുർ കലാപത്തിന്റെ മൂലകാരണം ബിജെപിയുടെ വിഭജന രാഷ്ട്രീയമാണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹിം എംപി. വരും ദിവസങ്ങളിൽ എസ്എഫ്ഐ–- ഡിവൈഎഫ്ഐ സംഘടനകൾ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്നും റഹിം പറഞ്ഞു.
ഗോത്രയുഗത്തിലാണോ ജീവിക്കുന്നതെന്ന് തോന്നിപ്പിക്കുംവിധമുള്ള സംഭവങ്ങളാണ് മണിപ്പുരിൽനിന്ന് പുറത്തുവരുന്നതെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രധാനമന്ത്രി മറുപടി പറയേണ്ട പ്രാധാന്യം മണിപ്പുർ സംഘർഷങ്ങൾക്കില്ലെന്നാണ് ബിജെപി നിലപാട്. ആഭ്യന്തരമന്ത്രി മറുപടി പറഞ്ഞാൽ മതിയെന്നാണ് പറയുന്നത്. മെയ്ത്തീ വിഭാഗം നേതാവ് പ്രമോദ് സിങ്ങിന്റെ പ്രതികരണം തന്നെ സംസ്ഥാനത്ത് നടക്കുന്നത് സർക്കാർ പിന്തുണയുള്ള കലാപമാണെന്ന് വ്യക്തമാക്കുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ക്രൈസ്തവർക്ക് മണിപ്പുർ ഒരു മുന്നറിയിപ്പാണ്. ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ ഭവനങ്ങൾ സന്ദർശിച്ച ബിജെപി നേതാക്കളുടേത് നാടകമാണെന്നും അദ്ദേഹം പരിഹസിച്ചു.















