ന്യൂഡൽഹി
വഖഫ് നിയമം അസാധുവാക്കൽ സ്വകാര്യ ബിൽ അവതരിപ്പിക്കാൻ ബിജെപി അംഗം ഹർനാഥ് സിങ് യാദവിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ ചെയർമാന് ഇടതുപക്ഷ എംപിമാർ നോട്ടീസ് നൽകി. സിപിഐ എം അംഗങ്ങളായ എളമരം കരീം, വി ശിവദാസൻ, ജോൺ ബ്രിട്ടാസ്, എ എ റഹീം, സിപിഐ അംഗങ്ങളായ ബിനോയ് വിശ്വം, പി സന്തോഷ് കുമാർ എന്നിവരാണ് നോട്ടീസ് നൽകിയത്. 1995ലെ വഖഫ് നിയമം പിൻവലിക്കാനുള്ള നിയമനിർമാണമാണ് ‘ദി വഖഫ് റിപ്പീൽ’ ബിൽ വഴി ഉദ്ദേശിക്കുന്നതെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടി.
മുസ്ലിങ്ങൾക്കെതിരായ സംഘപരിവാർ നീക്കങ്ങളുടെ ഭാഗമാണ് ബിൽ. നിയമനിർമാണത്തിന്റെ ദൂരവ്യാപക പ്രത്യാഘാതം കണക്കിലെടുക്കാതെ കൊണ്ടുവരുന്ന സ്വകാര്യ ബിൽ അംഗീകരിക്കാനാകില്ല. രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് സുപ്രധാനമാണ് വഖഫ് നിയമം. കേന്ദ്ര വഖഫ് കൗൺസിലും സംസ്ഥാന വഖഫ് ബോർഡുകളും പ്രവർത്തിച്ചുവരുന്നത് ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്.
ബദലുകളൊന്നും നിർദേശിക്കാതെ ഈ നിയമം പിൻവലിക്കാൻ ആവശ്യപ്പെടുന്നതിനെ സദുദ്ദേശ്യപരമായി കാണാനാകില്ല. നിക്ഷിപ്ത താൽപ്പര്യങ്ങൾക്കായും രാജ്യത്തെ സാമുദായിക സൗഹാർദം തകർക്കാനും ലക്ഷ്യമിട്ടുള്ള നടപടിയായി മാത്രമേ കാണാനാകൂ. മാതൃനിയമത്തിലെ പല വ്യവസ്ഥയും ബില്ലിൽ തെറ്റായ രീതിയിലാണ് വ്യാഖ്യാനിച്ചിട്ടുള്ളതെന്നും ഇടതുപക്ഷ എംപിമാർ ചൂണ്ടിക്കാട്ടി.















