മിർപുർ
ബാറ്റിങ്ങിലും ബൗളിങ്ങിലും കളിജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ജെമീമ റോഡ്രിഗസ് ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് കൂറ്റൻ ജയമൊരുക്കി. രണ്ടാം വനിതാ ഏകദിന ക്രിക്കറ്റ് മത്സരത്തിൽ 108 റണ്ണിനാണ് ഇന്ത്യ ജയിച്ചത്. ഇതോടെ മൂന്ന് മത്സര പരമ്പരയിൽ ഒപ്പമെത്താനും കഴിഞ്ഞു. അവസാന മത്സരം ശനിയാഴ്ച നടക്കും.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 228 റണ്ണെടുത്തു. ബംഗ്ലാദേശ് 35.1 ഓവറിൽ 120ന് പുറത്തായി. അവസാന ഏഴ് വിക്കറ്റ് 14 റണ്ണെടുക്കുന്നതിനിടെയാണ് നിലംപതിച്ചത്.
ജെമീമ 78 പന്തിൽ 86 റണ്ണടിച്ചു. പന്തെറിയാനെത്തിയപ്പോൾ 3.1 ഓവറിൽ മൂന്ന് റൺ മാത്രം വഴങ്ങി നാല് വിക്കറ്റും നേടി. സ്പിന്നർമാർക്ക് അനുകൂലമായ പിച്ചിൽ മറ്റ് ബാറ്റർമാർ വിഷമിച്ചപ്പോൾ ജെമീമ വേഗത്തിൽ റണ്ണടിച്ചു. ഒമ്പത് ഫോറായിരുന്നു ഇന്നിങ്സിൽ. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 88 പന്തിൽ 52 റൺ നേടി. സ്മൃതി മന്ദാനയും (58 പന്തിൽ 36) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. റണ്ണിനായുള്ള ഓട്ടത്തിനിടെ പന്തുകൊണ്ട് പരിക്കേറ്റ ഹർമൻപ്രീത് ഇടയ്ക്ക് മടങ്ങിയെങ്കിലും 47–-ാം ഓവറിൽ തിരിച്ചെത്തി അരസെഞ്ചുറി പൂർത്തിയാക്കുകയായിരുന്നു. ഫീൽഡിങ് സമയത്ത് കളത്തിൽ ഇറങ്ങിയില്ല.
മറുപടിക്കെത്തിയ ബംഗ്ലാദേശ് 28 ഓവർ കഴിയുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 102 റണ്ണെന്ന നിലയിലായിരുന്നു. 29–-ാംഓവറിൽ ദേവിക വൈദ്യ, ഹർഗാന ഹോക്കിനെ (47) പുറത്താക്കിയതോടെ ബംഗ്ലാദേശ് തകർന്നു. വൈദ്യ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇതിനുമുമ്പ് ഏകദിന ക്രിക്കറ്റിലാകെ ഒരു വിക്കറ്റ് മാത്രമുണ്ടായിരുന്ന ജെമീമയുടെ ഊഴമായിരുന്നു പിന്നെ. ആദ്യ പന്തിൽത്തന്നെ വിക്കറ്റെടുത്ത ഇരുപത്തിരണ്ടുകാരി ബംഗ്ലാദേശിന്റെ അവസാന ബാറ്ററെയും തീർത്താണ് അവസാനിപ്പിച്ചത്.