പാലക്കാട്
സ്വപ്നം കാണുന്ന, പാതിവഴിക്ക് പലതും ഉപേക്ഷിച്ച, നേരായ വഴിയിലൂടെ പോകാൻ ഭയപ്പെടുന്നവരോട് യുവസംരംഭക അൻസിയ പറയുന്നു. ‘ലക്ഷ്യങ്ങളിലേക്ക് നമുക്കായി തുറന്നിട്ട വാതിലിൽ എത്താൻ ശ്രമിക്കണം. ഭരണാധികാരികളും ഉദ്യോഗസ്ഥരും സംരംഭകർക്ക് എതിരാണെന്നുള്ള മുൻവിധി മാറ്റണം. ഇത് സംരംഭകരുടെ കാലമാണ്. എല്ലാവരും നമ്മുടെ സഹായത്തിനുണ്ട്’. സൗന്ദര്യ വർധക വസ്തുക്കൾ തയ്യാറാക്കുന്ന ‘ഉമ്മീസ് നാച്ചുറൽസ്’ എന്ന സംരംഭത്തിന്റെ ഉടമയാണ് കെ എ അൻസിയ എന്ന ഇരുപത്തിരണ്ടുകാരി. സ്ഥാപനത്തിന്റെ അനുമതിയുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ടായി. അപ്പോഴാണ് വ്യവസായമന്ത്രി പി രാജീവിന് ഇ മെയിൽ അയച്ചത്. രണ്ടു മണിക്കൂറിനകം മന്ത്രിയുടെ ഓഫീസിൽനിന്ന് മറുപടിയെത്തി. പഞ്ചായത്ത്, വ്യവസായ വകുപ്പ്, നഗരസഭ, ജില്ലാവ്യവസായ കേന്ദ്രം, മന്ത്രിയുടെ പിഎ തുടങ്ങി പല ഭാഗങ്ങളിൽനിന്ന് ഫോൺവിളിയെത്തി. ഒടുവിൽ മന്ത്രിയെ നേരിട്ട് കണ്ടു. ഉദ്യോഗസ്ഥരോട് പ്രശ്നം എങ്ങനെ പരിഹരിക്കാമെന്ന് ചോദിച്ചറിഞ്ഞ മന്ത്രി അരമണിക്കൂറിനകം ആവശ്യമായ രേഖ പാസാക്കി നൽകാനും നിർദേശിച്ചു. കാത്തിരിക്കേണ്ടി വന്നില്ല, ഉടൻ നടപടിയുണ്ടായി. സംരംഭം തുടങ്ങാൻ താൽപ്പര്യമുള്ള തന്നേപ്പോലുള്ള പെൺകുട്ടികൾക്ക് പ്രചോദനമാവട്ടെ എന്നുകരുതിയാണ് ഈ അനുഭവം ഫെയ്സ്ബുക്കിൽ കുറിക്കുന്നതെന്ന് അൻസിയ പറയുന്നു. ബിസിനസ് പാരമ്പര്യമില്ലാത്ത അൻസിയ പത്തൊമ്പതാം വയസിൽ ആരംഭിച്ച സംരംഭം നാലു വർഷത്തിനിടെ ഒന്നരക്കോടിരൂപ വിറ്റുവരവ് നേടി. ഉമ്മീസ് നാച്ചുറൽസിലെ 36 ജീവനക്കാരിൽ 30 പേർ സ്ത്രീകളാണ്.
കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത വിജയം പെട്ടെന്ന് ഒരുദിവസം അടച്ചിടേണ്ടി വന്നപ്പോൾ അംഗീകരിക്കാനായില്ല. തോറ്റുകൊടുക്കാൻ തയ്യാറായിരുന്നില്ല. പോരാടി നേടി. നാടിന്റെ ആവശ്യങ്ങൾക്ക് സർക്കാർ ഒപ്പമുണ്ടാകുമെന്ന തിരിച്ചറിവുകൂടിയാണ് അൻസിയയുടെ അനുഭവം. പാലക്കാട് കല്ലേക്കാടാണ് അൻസിയയുടെ വിൽപ്പന യൂണിറ്റ്. നിർമാണം മലപ്പുറത്തും. ക്രീം, ഫേസ്പാക്ക്, കുങ്കുമം ഓയിൽ, അലോവേര ഷാംപു, കസ്തൂരി മഞ്ഞൾ പൊടി തുടങ്ങിയ നിരവധി ഉൽപ്പന്നങ്ങൾ ഇവിടെ തയ്യാറാക്കുന്നു. കല്ലേക്കാട് അപ്പത്തൻകാട്ടിൽ വീട്ടിലാണ് താമസം. പിന്തുണയുമായി ഭർത്താവ് റംഷീദുമുണ്ട്.















