ഹോങ്കോങ്
മെയ്വഴക്കവും ആയോധനകലാ പ്രവീണ്യവുംകൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച ബ്രൂസ് ലീ ഓർമയായിട്ട് അരനൂറ്റാണ്ട്. 1973 ജൂലൈ 20ന് മുപ്പത്തിരാണ്ടാംവയസ്സിലായിരുന്നു അന്ത്യം.
ഹോങ്കോങ്ങിൽ നാടക കമ്പനിയിൽ ഹാസ്യ നടനായിരുന്ന ലീ ഹോയ് ചുൻചയുടെയും ചൈനീസ്–- ജർമൻ വംശജ ഗ്രേസിന്റെയും മകനായി സാൻ ഫ്രാൻസിസ്കോയിലാണ് ബ്രൂസ് ലീ ജനിച്ചത്. ആയോധനകലാരംഗത്ത് പാശ്ചാത്യതാരങ്ങളെ കടത്തിവെട്ടി ഹോളിവുഡിലെ ഏഷ്യന് താരോദയമായ് ബ്രൂസ് ലീ മാറുകയായിരുന്നു. 1964ൽ ലോങ് ബീച്ച് കരാട്ടെ ചാമ്പ്യൻഷിപ്പിലെ മിന്നുംപ്രകടനം അഭ്രപാളിയിലേക്ക് വീണ്ടും വഴിതെളിച്ചു. ഫിസ്റ്റ് ഓഫ് ഫ്യൂറി ഉൾപ്പെടെയുള്ള സിനിമകള് സൂപ്പര്ഹിറ്റായി. ‘എന്റർ ദി ഡ്രാഗ’ണ് ശേഷം അടുത്ത സിനിമാ ചിത്രീകരണം പാതിവഴിയിൽ നിൽക്കവെയായിരുന്നു മരണം. വേദനാസംഹാരികളുടെ പ്രതിപ്രവർത്തനംമൂലമുണ്ടായ മസ്തിഷ്കവീക്കമായിരുന്നു കാരണം. മക്കളായ ബ്രണ്ടനും ഷാനനും അഭിനേതാക്കളായിരുന്നു. ബ്രണ്ടൻ ഷൂട്ടിങ്ങിനിടെ വെടിയേറ്റ് മരിച്ചു.