മോസ്കോ
ക്രിമിയയിലെ സൈനിക പരിശീലനകേന്ദ്രത്തിൽ വൻ തീപിടിത്തം. 2200 പേരെ ഒഴിപ്പിച്ചു. സ്ഫോടനത്തെ തുടർന്നാണ് തീപിടിത്തമെന്നാണ് റിപ്പോർട്ട്. തീപിടിത്തമുണ്ടായി രണ്ടു മണിക്കൂറോളം പൊട്ടിത്തെറി ശബ്ദം കേട്ടെന്നും വിവിധ റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കിറോവ്സ്ക് ജില്ലയിലെ സൈനിക കേന്ദ്രത്തിലാണ് ബുധനാഴ്ച തീപിടിത്തമുണ്ടായത്. കേന്ദ്രത്തിനകത്തും സമീപത്തെ നാല് ഗ്രാമത്തിലുള്ളവരെയുമാണ് ഒഴിപ്പിച്ചത്. ആക്രമണമാണോ എന്ന് വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുന്നു. ഇവിടത്തെ ടാവ്റിഡ ഹൈവേ താൽക്കാലികമായി അടച്ചു. ക്രിമിയയെ റഷ്യന് മേഖലയുമായി ബന്ധിപ്പിക്കുന്ന പ്രധാന കടൽപ്പാലം രണ്ടുദിവസം മുമ്പ് ഉക്രയ്ൻ തകർന്നിരുന്നു. അതിനിടെ, ഉക്രയ്നിലെ ഒഡേസ തുറമുഖത്തേക്ക് രണ്ടാം ദിവസവും റഷ്യൻ വ്യോമാക്രമണം തുടർന്നു. തുറമുഖത്തിലെ ധാന്യ, എണ്ണ സംഭരണികളിലേക്കായിരുന്നു ആക്രമണം. 12 പേർക്ക് പരിക്കേറ്റതായും വിവരം.