തിരുവനന്തപുരം
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ജനലക്ഷങ്ങൾക്കിടയിലൂടെ അന്ത്യയാത്ര. വിലാപയാത്ര എട്ടു മണിക്കൂറോളം എടുത്താണ് തലസ്ഥാനജില്ല പിന്നിട്ടത്. വഴിയോരങ്ങളിൽ ആദരാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ കാത്തുനിന്നു. പ്രത്യേകം തയ്യാറാക്കിയ കെഎസ്ആർടിസി ബസിൽ ആയിരുന്നു അവസാനയാത്ര. ജഗതിയിലെ പുതുപ്പള്ളി ഹൗസിലെ പ്രഭാത പ്രാർഥനയ്ക്കുശേഷം രാവിലെ 7.20ന് ആണ് വിലാപയാത്ര ആരംഭിച്ചത്. വഴിയോരങ്ങളിൽ കാത്തുനിന്ന ജനങ്ങൾ പൂക്കൾ വിതറിയും കൈകൂപ്പിയും ആദരാഞ്ജലി അർപ്പിച്ചു. പകൽ മൂന്നരയോടെയാണ് യാത്ര ജില്ലാ അതിർത്തിയായ തട്ടത്തുമല പിന്നിട്ടത്. നിരവധി വാഹനങ്ങളും നൂറുകണക്കിനു പാർടിപ്രവർത്തകരും വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്.
ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം പുതുപ്പള്ളി ഹൗസ്, ദർബാർ ഹാൾ, സെന്റ് ജോർജ് പള്ളി, കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവൻ എന്നിവിടങ്ങളിലെ പൊതുദർശനത്തിനുശേഷം രാത്രി ഏറെ വൈകിയാണ് പുതുപ്പള്ളി ഹൗസിൽ തിരിച്ചെത്തിച്ചത്. സംസ്കാര ദിനമായ വ്യാഴാഴ്ചകൂടി സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം തുടരും.