കോട്ടയം
പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനെ ഒരുനോക്കുകൂടി കാണാൻ വിതുമ്പുന്ന മനസുമായി കുമരകം അട്ടിപ്പീടികയിലെ ഒരുവട്ടിത്തറ വീട്. ഉമ്മൻ ചാണ്ടിയുടെ അമ്മ ബേബിയുടെ ഈ വീട്ടിലാണ് ഉമ്മൻ ചാണ്ടി പിറന്നുവീണതും ബാല്യകാലം ചെലവഴിച്ചതും. ഉമ്മൻ ചാണ്ടിയുടെ അമ്മാവൻ പരേതനായ ഒ എ ഏബ്രഹാം കോർ എപ്പിസ്കോപ്പയുടെ ഭാര്യ മറിയാമ്മയും മകൻ അലക്സ് എബ്രഹാമും അലക്സിന്റെ ഭാര്യ ചേച്ചൻ അലക്സ്, മക്കളായ ഏബൻ, ആരോൺ എന്നിവരുമാണ് ഈ വീട്ടിൽ ഇപ്പോൾ താമസിക്കുന്നത്.
ഉമ്മൻ ചാണ്ടിയും സഹോദരങ്ങളും അവധിക്കാലം ആഘോഷിച്ചിരുന്നത് ഈ വീട്ടിലായിരുന്നു. “എല്ലാ കാര്യങ്ങൾക്കും എപ്പോഴും ഓടിവരുമായിരുന്നു കുഞ്ഞൂഞ്ഞ്. എല്ലാവരോടുമുള്ള സ്നേഹത്തിന് ഒരിക്കൽ പോലും കുറവ് വന്നിട്ടില്ല.” –- കണ്ഠമിടറി മറിയാമ്മ പറഞ്ഞു. രണ്ടുവർഷം മുമ്പ് അമ്മാവന്റെ മരണസമയത്താണ് ഉമ്മൻചാണ്ടി അവസാനമായി ഈ വീട്ടിലെത്തിയത്.
സമീപത്തെ തോട്ടിൽ കുളിച്ചിരുന്നതും ഒരിക്കൽ മുങ്ങിപ്പോയതുമെല്ലാം ആ വീടിനെക്കുറിച്ചുള്ള ഓർമകളിൽ ഉമ്മൻചാണ്ടി പറയുമായിരുന്നു. നീന്താൻ വലിയ ഇഷ്ടമായിരുന്നു കുഞ്ഞൂഞ്ഞിന്. കൂട്ടുകാർക്കൊപ്പം സമീപത്തെ തോട്ടിൽ മണിക്കൂറുകളോളം നീന്തും. ഒരിക്കൽ മുങ്ങിപ്പോയപ്പോൾ അമ്മയുടെ പിതൃസഹോദരൻ ഒ എം എബ്രഹാം വെള്ളത്തിലിറങ്ങി കുഞ്ഞൂഞ്ഞിനെ വലിച്ചെടുത്ത് കരയിലെത്തിക്കുകയായിരുന്നു.