മാഞ്ചസ്റ്റർ
ഇംഗ്ലീഷ് പേസർ സ്റ്റുവർട്ട് ബ്രോഡ് ടെസ്റ്റ് ക്രിക്കറ്റിൽ 600 വിക്കറ്റ് തികച്ചു. ട്രവിസ് ഹെഡിനെ ജോ റൂട്ടിന്റെ കൈകളിലെത്തിച്ചാണ് മുപ്പത്തേഴുകാരന്റെ നേട്ടം. നാലാം ആഷസ് ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 255 റണ്ണെടുത്തു.
ടെസ്റ്റ് ക്രിക്കറ്റിൽ 600 തികയ്ക്കുന്ന അഞ്ചാമത്തെ ബൗളറാണ്. ശ്രീലങ്കൻ സ്പിന്നർ മുത്തയ്യ മുരളീധരൻ 800 വിക്കറ്റുമായി അജയ്യ ലീഡിലാണ്. ഓസീസ് സ്പിന്നർ ഷെയ്ൻ വാൺ 708 വിക്കറ്റ് നേടി. ഇംഗ്ലീഷ് പേസർ ജയിംസ് ആൻഡേഴ്സൺ 688 വിക്കറ്റുമായി ബ്രോഡിനുമുന്നിലുണ്ട്. ഇന്ത്യൻ സ്പിന്നർ അനിൽകുബ്ലെയ്ക്ക് 619 വിക്കറ്റുണ്ട്. 166 ടെസ്റ്റിലാണ് ബ്രോഡിന്റെ നേട്ടം.
ടോസ് നേടിയ ഇംഗ്ലണ്ട് പന്തെറിയാൻ തീരുമാനിച്ചു. ഓപ്പണർ ഉസ്മാൻ ഖവാജയെ (3) വിക്കറ്റിനുമുന്നിൽ കുടുക്കി ബ്രോഡ് ഇംഗ്ലണ്ടിന് നല്ല തുടക്കം നൽകി. ഫോം വീണ്ടെടുത്തെന്ന് തോന്നിച്ച ഡേവിഡ് വാർണർ 38 പന്തിൽ 32 റണ്ണുമായി മടങ്ങി. മാർണസ് ലബുഷെയ്ൻ (51), സ്റ്റീവ് സ്മിത്ത് (41) എന്നിവർ സ്കോർ ഉയർത്തിയെങ്കിലും വൈകാതെ മടങ്ങി. മിച്ചൽ മാർഷും (51) കാമറൂൺ ഗ്രീനും (16) ക്രിസ് വോക്-സിന്റെ ഇരകളായി. മൂന്ന് വിക്കറ്റാണ് വോക്-സിന്. പരമ്പരയിൽ ഓസീസ് 2–1ന് മുന്നിലാണ്.