‘ഇത് സംരംഭകരുടെ കാലമാണ്, സര്ക്കാര് നമുക്കൊപ്പമുണ്ട് ‘ എന്നാണ് അന്സിയ കേരളത്തിലെ യുവാക്കളോട് പറയുന്നത്. ഏതെങ്കിലുമൊരു ഘട്ടത്തില് പ്രയാസം നേരിടുന്നുണ്ടെങ്കില് പോലും സംരംഭകരെ കൈവെടിയാത്ത സര്ക്കാര് ഉള്ളിടത്തോളം കേരളത്തില് സംരംഭം തുടങ്ങാന് ഭയപ്പെടേണ്ടതില്ല എന്നും അന്സിയ പറയുന്നു. തീര്ച്ചയായും സ്വന്തം അനുഭവമാണ് അന്സിയ പങ്കുവെക്കുന്നത്. യാഥാര്ത്ഥ്യമെന്ന പേരില് അന്തരീക്ഷത്തിലിപ്പോഴും പ്രചരിക്കുന്ന കെട്ടുകഥകളല്ല വസ്തുത’ ;- വ്യവസായ മന്ത്രി പി രാജീവ് എഴുതുന്നു
ഫേസ്ബുക്ക് കുറിപ്പ്
Ummees Naturals ഉടമയും യുവസംരംഭകയുമായ അന്സിയ ഓഫീസിലെത്തി എന്നെ കണ്ടിരുന്നു. സ്ഥാപനവുമായി ബന്ധപ്പെട്ട ചില അനുമതികളിലുള്ള പ്രശ്നത്തില് എന്ത് ചെയ്യണമെന്ന് അറിയാതെയാണ് എന്റെ ഓഫീസുമായി അന്സിയ ബന്ധപ്പെടുന്നത്. 22 വയസ് മാത്രം പ്രായമുള്ള ബിസിനസ് പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത ഒരു പെണ്കുട്ടി സ്വന്തമായി ഒരു സംരംഭം ആരംഭിച്ച് 35 പേര്ക്ക് തൊഴില് നല്കുന്നു, അതില് മുപ്പതോളം പേര് വനിതകള്, ഒന്നരക്കോടിയോളം വിറ്റുവരവുള്ള ഒരു സംരംഭമാക്കി ഉമ്മീസിനെ മാറ്റുന്നു. എന്തൊരു വലിയ നേട്ടമാണിത്.
ആയുര്വേദ സൗന്ദര്യവര്ധക വസ്തുക്കള് നിര്മ്മിക്കുന്ന സംരംഭം നടത്തിക്കൊണ്ടുപോകുന്നതിനിടയില് ചെറിയ പ്രശ്നങ്ങള് അവര് നേരിടുകയുണ്ടായി. ഒരുപക്ഷേ സംരംഭം അവസാനിപ്പിച്ചേക്കാം എന്ന് പലരും ചിന്തിക്കുന്ന ഘട്ടത്തില് പോലും സര്ക്കാര് സഹായിക്കും എന്ന പ്രത്യാശ അന്സിയക്കുണ്ടായിരുന്നു. ആ യുവസംരംഭക തന്റെ സംരംഭവുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രയാസങ്ങള് പറയുന്നതിനായി ഓഫീസുമായി ബന്ധപ്പെട്ടു. മന്ത്രി തന്നെ നേരിട്ട് വിഷയം കേള്ക്കണമെന്ന അന്സിയയുടെ ആവശ്യത്തെത്തുടര്ന്ന് അതിന് തയ്യാറാകുകയും അന്സിയ ഓഫീസില് വരികയും ചെയ്തു. വിഷയത്തില് ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും പ്രശ്നപരിഹാരം സാധ്യമാക്കണമെന്ന നിര്ദേശം നല്കുകയും ചെയ്തു.
ഒരു ദിവസം പോലുമെടുക്കാതെ അന്സിയയുടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടു. സന്തോഷത്തോടെ തന്നെ ആ യുവസംരംഭക നാട്ടിലേക്ക് മടങ്ങി. ‘സര്ക്കാര് കൂടെയുണ്ട്’ എന്ന ആത്മവിശ്വാസം ഒരു സംരംഭകയ്ക്ക് ഉണ്ടായിട്ടുണ്ടെങ്കില് അത് അഭിമാനകരമായ ഒരു നേട്ടമായിട്ടാണ് ഞങ്ങള് കാണുന്നത്. കൂടുതല് സംരംഭകര്ക്ക് ഇത് പ്രചോദനമാകുമെന്നും ഞങ്ങള്ക്കുറപ്പുണ്ട്.
അന്സിയ ഇപ്പോള് വീണ്ടും സംരംഭവുമായി മുന്നോട്ടുപോകുകയാണ്. കൂടുതല് ഉയരങ്ങള് താണ്ടാന് സാധിക്കുമെന്ന വിശ്വാസത്തോടെ, കൂടെ സര്ക്കാരും ഉദ്യോഗസ്ഥരുമുണ്ടെന്ന ആത്മവിശ്വാസത്തോടെ. ‘ഇത് സംരംഭകരുടെ കാലമാണ്, സര്ക്കാര് നമുക്കൊപ്പമുണ്ട് ‘ എന്നാണ് അന്സിയ കേരളത്തിലെ യുവാക്കളോട് പറയുന്നത്. ഏതെങ്കിലുമൊരു ഘട്ടത്തില് പ്രയാസം നേരിടുന്നുണ്ടെങ്കില് പോലും സംരംഭകരെ കൈവെടിയാത്ത സര്ക്കാര് ഉള്ളിടത്തോളം കേരളത്തില് സംരംഭം തുടങ്ങാന് ഭയപ്പെടേണ്ടതില്ല എന്നും അന്സിയ പറയുന്നു. തീര്ച്ചയായും സ്വന്തം അനുഭവമാണ് അന്സിയ പങ്കുവെക്കുന്നത്. യാഥാര്ത്ഥ്യമെന്ന പേരില് അന്തരീക്ഷത്തിലിപ്പോഴും പ്രചരിക്കുന്ന കെട്ടുകഥകളല്ല വസ്തുത.
ഏതൊരു സംരംഭകനെയും സഹായിക്കാനും അവരെ കൈപിടിച്ചുയര്ത്താനും തയ്യാറായിട്ടുള്ള സര്ക്കാരാണ് കേരളത്തിലെ യാഥാര്ത്ഥ്യം. അന്സിയയെപ്പോലുള്ള നിരവധിയാളുകള് കേരളത്തില് സംരംഭങ്ങള് ആരംഭിക്കുമ്പോള്, കേരളം സംരംഭകസൗഹൃദ സംസ്ഥാനമായി മുന്നോട്ടുകുതിക്കുമ്പോള് ഞങ്ങളുറപ്പ് നല്കുന്നു, സര്ക്കാര് കൂടെത്തന്നെയുണ്ട്.