റിയാദ്
അമേരിക്കയിലേതിനേക്കാൾ മികച്ച ഫുട്ബോൾ ലീഗാണ് സൗദി അറേബ്യയിലേത് എന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. ലയണൽ മെസി അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മയാമിയിൽ ചേർന്നതിനുപിന്നാലെയാണ് റൊണാൾഡോയുടെ പ്രതികരണം. സൗദി പ്രോ ലീഗിൽ അൽ നാസർ താരമാണ് പോർച്ചുഗീസ് ക്യാപ്റ്റൻ. യൂറോപ്യൻ ലീഗിലേക്ക് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്നും റൊണാൾഡോ അറിയിച്ചു. ‘യൂറോപ്പിലെ ലീഗുകളുടെ നിലവാരം തകർന്നിരിക്കുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗാണ് മികച്ചത്. മറ്റെല്ലാത്തിനും പഴയ പ്രതാപമില്ല. അമേരിക്കൻ ലീഗിനേക്കാൾ എത്രയോ നല്ലതാണ് സൗദി ലീഗ്. ഒരുവർഷംകൊണ്ട് തുർക്കി, ഡച്ച് ലീഗിനുമുകളിൽ സൗദി ഫുട്ബോൾ വളരും’–- റൊണാൾഡോ പറഞ്ഞു.
തന്റെ വരവിനുപിന്നാലെയാണ് സൗദി ലീഗ് മെച്ചപ്പെട്ടതെന്ന് റൊണാൾഡോ അവകാശപ്പെട്ടു. ‘എനിക്കുശേഷം ലോകത്തിലെ ഏറ്റവും മികച്ച കളിക്കാർ സൗദിയിലേക്ക് വരാൻ ധൈര്യം കാട്ടി. ഇറ്റലിയിൽ യുവന്റസിനായി കളിക്കാൻ പോയപ്പോഴും സമാനസാഹചര്യമായിരുന്നു’– -മുന്നേറ്റക്കാരൻ അഭിപ്രായപ്പെട്ടു. ഇതിനിടെ പ്രീ സീസൺ പര്യടനത്തിന്റെ ഭാഗമായുള്ള പരിശീലന മത്സരത്തിൽ സ്പാനിഷ് ക്ലബ് സെൽറ്റ വിഗോയോട് റൊണാൾഡോയുടെ അൽ നാസർ അഞ്ച് ഗോളിന് തോറ്റു. ആഗസ്ത് 11നാണ് സൗദി പ്രോ ലീഗ് ആരംഭിക്കുന്നത്.















