ഗല്ലെ
സൗദ് ഷക്കീലിന്റെ തകർപ്പൻ ഇരട്ടസെഞ്ചുറി ശ്രീലങ്കയ്ക്കെതിരായ ഒന്നാംക്രിക്കറ്റ് ടെസ്റ്റിൽ പാകിസ്ഥാന് മികച്ച ലീഡൊരുക്കി. ഒന്നാം ഇന്നിങ്സിൽ പാകിസ്ഥാൻ 461 റണ്ണാണെടുത്തത്. 149 റണ്ണിന്റെ ഒന്നാം ഇന്നിങ്സ് ലീഡും നേടി. ലങ്ക മൂന്നാംദിനം രണ്ടാം ഇന്നിങ്സിൽ വിക്കറ്റ് നഷ്ടമില്ലാതെ 14 റണ്ണെടുത്തു. സ്കോർ: ലങ്ക 312, 0–-14; പാകിസ്ഥാൻ 461.
പാകിസ്ഥാന്റ ആദ്യ അഞ്ച് വിക്കറ്റ് 101 റണ്ണിനാണ് നിലംപൊത്തിയത്. എന്നാൽ, ശേഷമുള്ള അഞ്ച് വിക്കറ്റിൽ അവർ 360 റൺ അടിച്ചുകൂട്ടി. സൗദ് ഷക്കീൽ 208 റണ്ണുമായി പുറത്താകാതെനിന്നു. അഗ സൽമാൻ 83 റണ്ണടിച്ചു. വാലറ്റത്തെ കൂട്ടുപിടിച്ചായിരുന്നു ഷക്കീലിന്റെ പ്രകടനം. 19 ഫോറുകൾ ആ ഇന്നിങ്സിൽ ഉൾപ്പെട്ടു. ലങ്കയ്ക്കായി രമേഷ് മെൻഡിസ് അഞ്ച് വിക്കറ്റ് വീഴ്ത്തി.















