മാഞ്ചസ്റ്റർ
പേസർമാരുടെ മികവിൽ ഹെഡിങ്ലിയിൽ തിരിച്ചടിച്ച ഇംഗ്ലണ്ട് ആഷസ് ക്രിക്കറ്റ് പരമ്പരയിൽ ഒപ്പമെത്താൻ ഇന്ന് ഇറങ്ങുന്നു. മാഞ്ചസ്റ്ററിലാണ് ഓസ്ട്രേലിയ–-ഇംഗ്ലണ്ട് നാലാംക്രിക്കറ്റ് ടെസ്റ്റ്. മുതിർന്ന പേസർ ജയിംസ് ആൻഡേഴ്സണെ ഉൾപ്പെടുത്തി പേസ് നിരയെ ഒന്നുകൂടി ശക്തിപ്പെടുത്തിയിട്ടുണ്ട് ഇംഗ്ലണ്ട്. അഞ്ച് ടെസ്റ്റ് പരമ്പരയിൽ ഓസീസ് 2–-1ന് മുന്നിലാണ്.
ആദ്യ രണ്ട് ടെസ്റ്റിലും തകർന്നുപോയ ഇംഗ്ലണ്ട് മൂന്നാംടെസ്റ്റിൽ മികച്ച തിരിച്ചുവരവ് നടത്തി. മാർക് വുഡിന്റെയും ക്രിസ് വോക്സിന്റെയും പ്രകടനമായിരുന്നു കരുത്ത്. ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെ ബാറ്റിങ് മികവും ജയത്തിന് ആധാരമായി. അഞ്ച് ദിവസം പൂർത്തിയാകുംമുമ്പ് ഇംഗ്ലണ്ട് കളി ജയിച്ചു.
മറുവശത്ത് ഓപ്പണർ ഡേവിഡ് വാർണറുടെ മോശം പ്രകടനമാണ് ഓസീസിനെ തളർത്തുന്നത്. ആറ് ഇന്നിങ്സുകളിൽനിന്നായി വെറും 23.50 ആണ് ഇടംകൈയൻ ബാറ്ററുടെ ബാറ്റിങ് ശരാശരി. 66 ഉയർന്ന സ്കോറും. എന്നാൽ, നാലാംടെസ്റ്റിലും വാർണർക്ക് അവസരം നൽകിയേക്കുമെന്നാണ് ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് നൽകുന്ന സൂചന. ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ തിരിച്ചെത്തിയേക്കും. സ്പിന്നർ ടോഡ് മർഫിക്ക് പകരമാകും ഗ്രീൻ എത്തുക.
2019ൽ ഇവിടെ അവസാനമായി കളിച്ചപ്പോൾ ഓസീസിനായിരുന്നു ജയം. അതേസമയം, മഴ മത്സരത്തെ ബാധിക്കുമെന്ന ആശങ്കയുണ്ട്. അഞ്ച് ദിവസവും മഴയ്ക്ക് സാധ്യതയുണ്ട്.















